
കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറിയ നിലയിലാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും.
ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.
കനത്ത മഴയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം ഉണ്ടാവും.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചക്കുകയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.
മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ വിനോദ സഞ്ചാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയ പതിനഞ്ചിലധികം പേരെ രക്ഷപ്പെടുത്തി മേച്ചിൽ സിഎസ്ഐ പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്.