ഇന്ന് ലോക ഹൃദയാരോഗ്യ ദിനം; കോവിഡ് കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

എല്ലാ വര്‍ഷവും സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തിനായി ഹൃദയം കൊണ്ട് പൊരുതാം” എന്നതാണ് ഈ വര്‍ഷത്തെ ഹൃദയാരോഗ്യ ദിന സന്ദേശം.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയില്‍ മുഷ്ടിയുടെ വലിപ്പത്തില്‍ ഹൃദയം സ്ഥിതി ചെയ്യുന്നു.

ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങള്‍ ആണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത് .രക്ത ധമനികളെ ബാധിക്കുന്ന രോഗങ്ങള്‍ ,ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍ ,ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു.

അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും.

ഹൃദ്രോഗങ്ങള്‍ എങ്ങിനെ ചെറുക്കാം?

വ്യായാമം

ഹൃദ്രോഗങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വ്യായാമം. അതിനാല്‍ കൃത്യമായി വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂര്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക, നീന്തുക എന്നിവയെല്ലാം മികച്ച വ്യായാമങ്ങളാണ്.

ഭക്ഷണരീതി

ഹൃദയാരോഗ്യത്തിനു ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നത്. ഉപ്പും അന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ മുഴുവനായോ സാലഡുകളായോ ആവിയില്‍ വേവിച്ചോ കഴിക്കാം.

പുകവലിയും മദ്യപാനവും ഒഴിവാക്കണം. ഇതോടൊപ്പം തന്നെ ശരീരഭാരം ക്രമീകരിക്കുകയും രക്താതിമര്‍ദ്ദം കുറയ്ക്കുകയും ചെയ്യുക. പമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുകയെന്നതും മികച്ച ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്തമര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോള്‍ ഇവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും,ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കൃത്യമായി കഴിക്കുകയും വേണം.

മാനസിക പിരിമുറുക്കം തിരിച്ചറിയുകയും അത് ലഘൂകരിക്കാനുള്ള വഴികള്‍ തേടുകയും വേണം.

കോവിഡ് കാലത്ത് ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടവ

ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യത്തിനു വളരെ പ്രസക്തിയുണ്ട്. ഈ സമയത്ത് ഹൃദ്രോഗികളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളവര്‍ വീട്ടില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

  • കൃത്യമായ ദിനചര്യ പിന്തുടരുക
  • ആരോഗ്യം അനുവദിക്കുന്ന തരത്തിലുള്ള ലഘുവ്യായാമങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുക
  • ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക
  • മതിയായ അളവില്‍ ഉറങ്ങുക

കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒരു മാസത്തേക്കെങ്കിലുമുള്ളത് വീട്ടില്‍ കരുതുക. എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഡോക്ടറെ വിളിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയിലെത്തുകയും ചെയ്യുക.

സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തുവാനായി സമൂഹമാധ്യമങ്ങള്‍, ഫോണ്‍ എന്നിവ ഉപയോഗിക്കുക. സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിക്കുകയും അവരോട് മനസ്സ് തുറന്ന് സംസാരിക്കുകയും ചെയ്യുക.

കോവിഡ് വാര്‍ത്തകള്‍ കണ്ട് ആശങ്കപ്പെടാതിരിക്കുക. മാനസികോല്ലാസം നല്‍കുന്ന മറ്റു പ്രവൃത്തികളില്‍ മുഴുകുക.
മാനസികോല്ലാസത്തിനായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്.

നമുക്ക് ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കാം. ഹൃദയാരോഗ്യത്തിനായി ഹൃദയം കൊണ്ട് പൊരുതാം.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: