Erattupetta News

പവിത്രമായ ഗുരുശിഷ്യ ബന്ധത്തെ ചേർത്ത് പിടിച്ച് പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ

പെരിങ്ങുളം: കത്രിക്കുട്ടി ടീച്ചറെ കാണാൻ നിഷാ ബിനോയ് എത്തി. സ്കൂളിൽ പത്ത് വർഷം അധ്യാപികയായിരുന്ന കത്രിക്കുട്ടി ടീച്ചറും, വിദ്യാർത്ഥിനിയായിരുന്ന നിഷാ ബിനോയിയും തമ്മിൽ മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള അപൂർവ്വമായ ഒരു കൂടിക്കാഴ്ചക്കാണ് പെരിങ്ങുളം സ്കൂൾ സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ അധ്യാപകദിനത്തിൽ മലയാള മനോരമയുടെ ” ഗുരു സ്മൃതി ” എന്ന പംക്തിയിൽ നിഷാ ബിനോയി കത്രിക്കുട്ടി ടീച്ചറിനെ അനുസ്മരിച്ചത്. പ്രിയപ്പെട്ട അധ്യാപികയെ ഒന്ന് നേരിട്ട് കാണാൻ കൊതിക്കുന്നതിനെക്കുറിച്ചും , ആ ദിവസത്തിനായി മകനുമൊത്ത് കാത്തിരിക്കുന്നതിനെക്കുറിച്ചും തൊടുപുഴ വെണ്മണി സ്വദേശിനിയായ നിഷയുടെ ഓർമ്മകളാണ് ശ്രദ്ധ നേടിയത്.

കുട്ടിക്യൂറാ മണമുള്ള , കണ്ണുകളിൽ നക്ഷത്രതിളക്കമുള്ള അധ്യാപികയെ , പഴയ 2-ാം ക്ലാസ്സുകാരിയുടെ അന്നത്തെ ഓർമ്മകളെ തേച്ചുമിനുക്കിയെടുത്ത വാർത്ത ഏറെ വൈറലായതോടെ സ്കൂൾ അധികൃതർ ഇരുവരെയും ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു. “കുഞ്ഞിക്കിളിയെ ” എന്ന ഗാനം പാടി ടീച്ചറിന്റെ മനസിൽ ഇടം പിടിച്ചതിനെപ്പറ്റിയും, പിന്നീട് സ്കൂൾ കാലഘട്ടം കഴിഞ്ഞും ” കുഞ്ഞിക്കിളി ” എന്ന വിളിപ്പേര് വീണതും ഓർമ്മക്കുറിപ്പിൽ പറയുന്നുണ്ട്.

ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ വേറെയും ഉണ്ടെങ്കിലും പ്രിയ അധ്യാപിക ചേർത്തുപിടിച്ച കൈകളോളം വരില്ലാന്ന് നിഷ പറഞ്ഞു വെയ്ക്കുന്നു. ഗുരുദർശനം എന്ന പേരിൽ നടന്ന പ്രോഗ്രാം സ്കൂൾ മാനേജർ ഫാ: മാത്യു പാറത്തൊട്ടി ഉദ്ഘാടനം ചെയ്യ്തു.

ഹെഡ്മാസ്റ്റർ സോണി തോമസ്, പിറ്റിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ, അധ്യാപകരായ ആന്റണി ജോസഫ്, ജിജി ജോർജ് , സിസ്റ്റർ ജൂലി ജോസഫ് പ്രസംഗിച്ചു. കത്രിക്കുട്ടി ടീച്ചറിന്റെ ഭർത്താവ് അഡ്വ. എ. സണ്ണി മകൻ അജയ് സണ്ണിയും ഈ കൂടിക്കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. നിഷയുടെ ഭർത്താവ് ബിനോയ് , മക്കളായ ദേവനന്ദനാ , ദേവനന്ദൻ ഇവർ പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published.