മദ്യം ഭീകരതാണ്ഡവമാടുന്നു; മുഖ്യപ്രതി സര്‍ക്കാര്‍ തന്നെ: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

പാലാ: മദ്യം കൊറോണാ പകര്‍ച്ചവ്യാധിയേക്കാള്‍ ഭീകരതാണ്ഡവമാടുകയാണെന്നും മുക്കിലും മൂലയിലും കൂടുതല്‍ മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കുന്ന ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാര്‍തന്നെയാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതിയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പാലാ രൂപതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഇന്നും മദ്യലഹരിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മര്‍ദ്ദിച്ച് അവശനാക്കിയ അച്ഛന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

Advertisements

ലഹരിക്കടിമപ്പെട്ടവര്‍ കുഞ്ഞെന്നോ, കുടുംബമെന്നോ, മനുഷ്യനെന്നോ, ഗ്രഹിക്കാന്‍ പറ്റാത്തവിധം മാസ്മരിക ലോകത്തേക്ക് എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ വരുമാനത്തിനും വോട്ടിനും വേണ്ടി മദ്യവിപത്തിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരും സംവിധാനങ്ങളും തന്നെയാണ് കുറ്റക്കാര്‍.

ലോക്ഡൗണില്‍ മദ്യശാലകള്‍ വീണ്ടും തുറന്നുകൊടുത്തതിനു ശേഷം ഉണ്ടായിട്ടുള്ള കൊലപാതകങ്ങളും ആത്മഹത്യകളും പകര്‍ച്ചവ്യാധിയേക്കാള്‍ ഭീകരവും എണ്ണത്തില്‍ മുമ്പിലുമാണ്. ആറു മണിക്കുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവയ്ക്കുകയാണ്.

മോക്ഡ്രില്ലിനെതിരെ പൊതുവഴിയില്‍ പ്രകോപനം സൃഷ്ടിച്ചവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക്’ എന്ന ഭാവമായിരുന്നു ചുരുക്കംചില വിരുദ്ധര്‍ക്ക്.

മുനിസിപ്പാലിറ്റി അനുവദിച്ച കെട്ടിടത്തില്‍ ഏകാംഗ മോക്ഡ്രില്‍ നടത്തിയപ്പോള്‍ യഥാര്‍ത്ഥ പ്രകോപനം സൃഷ്ടിച്ചവരും പോലീസിന്റെ റോള്‍ അഭിനയിച്ചവരും ആരെന്ന് സമിതി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഒരു ഓണ്‍ലൈന്‍ മഞ്ഞസംവിധാനത്തിനെതിരെ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മോക്ഡ്രില്ലില്‍ പ്രകോപനം സൃഷ്ടിച്ചവര്‍ക്ക് ‘കൊറോണ ഒരു മറമാത്രം’ എന്ന് പ്രസാദ് കുരുവിള പറഞ്ഞു.

മോക്ഡ്രില്ലില്‍ ഏകാംഗ അഭിനയം നടത്തിയ ജോയി ചേലേക്കണ്ടത്തെ യോഗം അഭിനന്ദിച്ചു. കുറവിലങ്ങാട് മേഖലയുടെ പ്രസിഡന്റായി ജോയി ചേലേക്കണ്ടത്തെ രൂപതാ പ്രസിഡന്റുകൂടിയായ പ്രസാദ് കുരുവിള നോമിനേറ്റ് ചെയ്തു.

ഭയലേശമില്ലാതെ അതിനൂതനവും വിജ്ഞാനപ്രദവുമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് പൊതുസമൂഹത്തിന് സന്ദേശം നല്‍കാന്‍ നേതൃത്വം നല്കുന്ന പ്രസാദ് കുരുവിളക്ക് കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മറ്റിയും സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പുതിയിടത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന നേതൃസമ്മേളനത്തില്‍ ബെന്നി കൊള്ളിമാക്കിയില്‍, ജോസ് കവിയില്‍, അലക്‌സ് കെ. ഇമ്മാനുവല്‍, ജെസി ജോസ്, സാജു ജോസഫ്, ജോയി ചേലേക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply