മുണ്ടക്കയം; വാഴക്കുല ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു തമിഴ്നാടു സ്വദേശികളെ മുണ്ടക്കയം പോലീസ് പിടികൂടി. ഇവരില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തു.
തേനി ഗൂഡല്ലൂര്‍ രാജീവ് നഗറില്‍ മുരളി, തേനി അങ്കൂര്പാളയത്തില് അരുണ്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെയാണ് പ്രതികള്‍ പിടിയിലായത്. തമിഴ്നാട്ടില്‍നിന്നും വാഴക്കുല ലോറിയില്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ക്യാബിനില്‍ സൂക്ഷിച്ചിരുന്ന രണ്ടു കിലോ കഞ്ചാവ് പിടികൂടിയത്.
ലോറിയിലെ വാഴക്കുലയ്ക്കിടെയില് വേറെയും കഞ്ചാവ് ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കോട്ടയത്തുനിന്നും പൊലീസ് നായയെ എത്തിച്ചു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വാഹനവും വാഴക്കുലകളും പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.