ഈരാറ്റുപേട്ട ജീലാനി പടിയില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ ന്യൂ ഫര്‍ണീച്ചര്‍ ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചു.
അമ്പഴത്തിനാൽ പരിക്കുട്ടിയുടെ സ്ഥാപനമാണ് നശിച്ചത്. 4 ഷെഡുകളിലായി സൂക്ഷിച്ചിരുന്ന തടിഉരുപ്പടികളും ഫർണിച്ചറും വർക് ഷോപ് ഉപകരണങ്ങളും പൂർണമായും നശിച്ചു.

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം യൂണിറ്റുകളിലെ അഗ്നിരക്ഷാസേനയാണു തീയണച്ചത്. തീ പടരുന്നത് സമീപവാസികളാണ് ആദ്യം കണ്ടത്.
സ്ഥലത്തെത്തിയ ഈരാറ്റുപേട്ട യൂണിറ്റ് തീ നിയന്ത്രണവിധേയമല്ലെന്നു കണ്ട് മറ്റു യൂണിറ്റുകളെ അറിയിച്ചു. കോട്ടയത്തു നിന്നുള്ള വലിയ യൂണിറ്റ് (ബ്രൗസർ) എത്തിയതോടെയാണ് തീ അണയ്ക്കാനായത്. ഈരാറ്റുപേട്ട പൊലീസും എത്തി. നാട്ടുകാരും തീയണയ്ക്കാൻ കൂടി.


സമീപത്തുള്ളവരെ വീടുകളിൽ നിന്നു മാറ്റി. 9 അതിഥിത്തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവർ താമസിച്ചിരുന്നത് സമീപത്തെ ലോഡ്ജിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി.