തട്ടിപ്പുകാരന്‍ വിലസുന്നു, രാമപുരത്ത് യുവതിയില്‍ നിന്നു തട്ടിയെടുത്തത് 33,000 രൂപ

പാലാ: രാമപുരത്തെ ഒരു കടയില്‍ നിന്നും 33,000 രൂപ തട്ടിയെടുത്ത് യുവാവ് രക്ഷപ്പെട്ടതായി പരാതി. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള തുണിക്കടയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു തട്ടിപ്പ് നടന്നത്.

45 വയസോളം പ്രായം തോന്നിക്കുന്ന ഒരാളാണ് തട്ടിപ്പു നടത്തിയത്. ബൈക്കില്‍ കടയിലെത്തിയ ഇയാള്‍ കടയുടമ ആവശ്യപ്പെട്ടുവെന്ന്ു പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. ഈ സമയം ഒരു ജീവനക്കാരി മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്.

40000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ജീവനക്കാരിക്ക് സംശയം തോന്നിയപ്പോള്‍ വീണ്ടും കടയുടമയെ വിളിക്കുന്നതായി ഭാവിച്ചു. തുടര്‍ന്ന് മേശയിലുള്ള പൈസ കൊടുക്കാന്‍ കടയുടമ നിര്‍ദേശിച്ചതായി തട്ടിപ്പുകാരന്‍ ജീവനക്കാരിയോട് പറഞ്ഞു.

ഇതോടെ ജീവനക്കാരി അപ്പോള്‍ മേശയിലുണ്ടായിരുന്ന 33000 രൂപ കൊടുക്കുകയായിരുന്നത്രേ. പണം വാങ്ങിയ തട്ടിപ്പുകാരന്‍ അതിവേഗം ബൈക്ക് ഓടിച്ചു പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉടമ കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

ഉടന്‍ രാമപുരം പോലീസില്‍ പരാതിപ്പെടുകയും രാമപുരം പോലീസ് സമീപസ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയെങ്കിലും തട്ടിപ്പുകാരനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണം നടന്നുവരുകയാണെന്ന് രാമപുരം പോലീസ് പറഞ്ഞു. സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നിരുന്നു.

You May Also Like

Leave a Reply