Obituary

കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ വികാരി ജനറാള്‍ റവ ഫാ. പോള്‍ വടക്കേത്തിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച

കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനും മുന്‍ വികാരി ജനറാളുമായ റവ. ഫാ. പോള്‍ വടക്കേത്ത് (90) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ മേയ് 19 വെള്ളി രാവിലെ 9 മണിക്ക് കുടുംബഭവനമായ വടക്കേത്ത് ജോയിയുടെ ഭവനത്തില്‍ ആരംഭിക്കുന്നതാണ്.

തുടര്‍ന്നുള്ള ശുശ്രൂഷകള്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മ്മികത്വത്തില്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ 10 മണിക്ക് നടത്തപ്പെടുന്നതാണ്. മേയ് 18 വ്യാഴം ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ചെങ്കല്‍ പള്ളി പാരിഷ് ഹാളിലും രാത്രി 9 മണി മുതല്‍ ഭവനത്തിലുമെത്തി ആദരാഞ്ജലികളര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാവുന്നതാണ്.

വാഴൂര്‍ ചെങ്കല്‍ വടക്കേത്ത് പരേതരായ പൗലോസ്-അന്ന ദമ്പതികളുടെ മകനായി ജനിച്ച് തച്ചപ്പുഴ ശ്രീ കൃഷ്ണവിലാസം സ്‌കൂള്‍, പൊന്‍കുന്നം കെ.വി. ഇ എച്ച് എസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചങ്ങനാശ്ശേരി പാറേല്‍ സെന്റ് തോമസ് മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു.

ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1961 മാര്‍ച്ച് രണ്ടിന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു.

കാഞ്ഞിരപ്പള്ളി, അമ്പൂരി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും നിര്‍മലഗിരി & വണ്ടന്‍പതാല്‍, ആനക്കല്‍, പുളിക്കല്‍കവല, ആര്‍പ്പൂക്കര, തോട്ടക്കാട്, ചെങ്ങളം, ഇളങ്ങുളം, മേരികുളം, എലിക്കുളം, പൊന്‍കുന്നം, ആനിക്കാട്, കപ്പാട്, കൂവപ്പള്ളി ഇടവകകളില്‍ വികാരിയായും ശുശ്രൂഷ നിര്‍വ്വഹിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയുടെ വിശ്വാസപരിശീലന വിഭാഗം പ്രഥമ ഡയറക്ടര്‍, രൂപത വികാരി ജനറാള്‍ തുടങ്ങിയ നിലകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഫാ. കുര്യാക്കോസ് ഏലിയാസ് വടക്കേത്ത് സി. എം.ഐ (പൂഞ്ഞാര്‍), സി. എലിസബത്ത് സി.എം.സി (മുത്തോലി), പരേതരായ അന്നക്കുട്ടി കുഴിക്കാട്ട്, ജോസഫ്, സേവ്യര്‍, മറിയാമ്മ അരീക്കത്താഴെ എന്നിവരാണ് സഹോദരങ്ങള്‍.

Leave a Reply

Your email address will not be published.