General News Uncategorized

വന്യമൃഗങ്ങളും വനപാലകരും മനുഷ്യ ജീവിതം ദുസ്സഹമാക്കുന്നു: കർഷകയൂണിയൻ (എം)

തൊടുപുഴ: നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളും വനപാലകരും ചേർന്ന് മനുഷ്യ ജീവിതം ദുസ്സഹമാക്കി മാറ്റുകയാണെന്ന് കർഷ യൂണിയൻഎം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കുക, അപകടകാരികളായ വന്യജീവികളെ കൊല്ലുവാൻ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, കണമലയിലും ചടയമംഗലത്തും മനുഷ്യ ജീവനെടുത്തകാട്ടു പോത്തുകളെ അടിയന്തരമായി കൊല്ലുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ വനം വകുപ്പ് ഓഫീസുകൾക്ക് മുമ്പിലേക്ക് കർഷകയൂണിയൻ എം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ മുട്ടത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം ഉപയോഗിച്ച് അതിജീവനത്തിനായി പടപൊരുതുന്ന കേരളത്തിലെ കർഷകരെ ക്രൂശിക്കുവാനാണ് വനം വകുപ്പ് പരിശ്രമിക്കുന്നത് . കണമലയിലും ചടയമംഗലത്തും കർഷകരെ കൊന്നൊടുക്കിയ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലുവാൻ അടിയന്തര നടപടി വേണം, വന്യ മൃഗങ്ങൾ അനിയന്ത്രിതമായി പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് കടന്നുവരുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. വന്യമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം കാട്ടിൽ തികയാതെ വരുമ്പോഴാണ് ഇരതേടി നാട്ടിലെത്തുവാൻ അവ പരിശ്രമിക്കുന്നത്. കാടിനുള്ളിലെ ആവാസവ്യവസ്ഥയിൽ അവർക്ക് ആവശ്യമായ ഭക്ഷണം ഒരുക്കുവാൻ വനംവകുപ്പ് പരിശ്രമിക്കണം.

കാടിനും കാട്ടുമൃഗങ്ങൾക്കും പരിസ്ഥിതിക്കും യാതൊരു ഗുണവുമില്ലാത്ത മരങ്ങൾ വച്ചുപിടിപ്പിക്കുന്ന ശൈലി ബ്രിട്ടീഷുകാരുടെ സംഭാവനയാണ് സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിട്ടിട്ടും ഇതിന് യാതൊരു മാറ്റവും വന്നിട്ടില്ല. വനം വകുപ്പ് അധികൃതർ തങ്ങളുടെ കീശവീർപ്പിക്കുവാൻ വേണ്ടി മാത്രമാണ് മൃഗസ്നേഹവും പ്രകൃതി സ്നേഹവും പുലർത്തുന്നത്. കാലാകാലങ്ങളിൽ നിത്യേനയുള്ള കാട്ടുതീ വ്യാപനത്തിന് പിന്നിൽ വനംവകുപ്പ് തന്നെയാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. കാർബൺ ഫണ്ട് കൈക്കലാക്കുന്നതിന് ദുഷ്ട ലാക്കോടെ പ്രവർത്തിക്കുന്ന വ്യാജ പരിസ്ഥിതി സംഘടനകളുടെയും പിന്നിൽ വനം വകുപ്പ് മേലാളന്മാരാണ്.

കേരളത്തിലെ കർഷകർ വനംവകുപ്പുകാരെ കാൾ വലിയ പ്രകൃതിസ്നേഹികളും മൃഗസ്നേഹികളുമാണ്. പക്ഷേ മനുഷ്യന്റെ ജീവന് ഭീഷണി ഉയർത്തുന്ന മൃഗങ്ങളെ കൊല്ലുവാൻ ഏതൊരാൾക്കും അവകാശമുണ്ട്. ഇന്ത്യൻ പീനൽകോഡിൽ സ്വയരക്ഷയ്ക്ക് വേണ്ടി ഒരാളെ കൊല്ലേണ്ടി വന്നാലും നിയമപരിരക്ഷ ലഭിക്കുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട വന നിയമം കാലോചിതമായി സർക്കാർ പരിഷ്കരിക്കണം. ജനങ്ങളെ ശത്രുത മനോഭാവത്തോടെ കാണുന്ന വനം വകുപ്പ് അധികൃതരുടെ നടപടി പ്രതിഷേധവും അപലപനീയവുമാണ്.

വന വകുപ്പ് അധികൃതരുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുവാൻ കേരള കോൺഗ്രസ് എം പ്രതിജ്ഞാബദ്ധമാ ണെന്നും റെജി കുന്നംകോട്ട് പറഞ്ഞു. മുട്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കേരള കോൺഗ്രസ്എം ഉന്നതാധികാര സമിതി അംഗം പ്രൊഫ.കെ ഐ ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു.

കർഷക യൂണിയൻ എം ഇടുക്കി ജില്ലാ പ്രസിഡൻറ് ബിജു ഐക്കര അധ്യക്ഷത വഹിച്ചു. പാർട്ടി രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, പാർട്ടി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി.

രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, തങ്കച്ചൻ മരോട്ടിമൂട്ടിൽ, ജെഫിൻ കൊടുവേലി,അനീഷ് കടുകൻമാക്കൽ,ജോസി വേളാച്ചേരി, ജോസ് പെരിയിലകാട്ട്, ജോസ് പാറപ്പുറം, തോമസ് കിഴക്കേ പറമ്പിൽ,സിബി മാളിയേക്കൽ, ജിജോ കഴിക്കചാലിൽ, ടോമി നാട്ടുനിലം, ജോസ് മാറാട്ടിൽ, തോമാച്ചൻ മൈലാടൂർ, സണ്ണിl കടത്തല കുന്നേൽ, ജോൺസ് നന്തളത്ത്, ലിപ്സൺ കൊന്നക്കൽ, ഷിബു, ഈപ്പൻ, ജോർജ് പാലക്കാട്ട്, തോമസ് വെളിയത്ത്മാലിൽ,സാജു കുന്നേമുറി, ജോമി കുന്നപ്പള്ളി, സിനി തോമസ്, കെവിൻ ജോർജ്, ജോസ് മഠത്തിനാൽ,ഷെൽബി മല്ലൂരാത്ത്, ജോബി കുന്നത്ത് പാറ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.