Ramapuram News

രാമപുരത്ത് കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും നാളെ

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും നാളെ നടക്കും. അന്ന് രാവിലെ 9 ന് ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം 9-30 ന് തേങ്ങാ പൊതിക്കൽ, തേങ്ങാ ചിരണ്ടൽ എന്നീ കാർഷികാധിഷ്ഠിത മത്സരങ്ങളും 10-30 ന് കൃഷി ഓഫീസർ പ്രജിത പ്രകാശ് നയിക്കുന്ന കാർഷിക ക്വിസ്സും പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

തുടർന്ന് 11-30 ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിക്കും.

കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രീതാ പോൾ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്സ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു ജോൺ തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്ദ്യേഗസ്ഥർ, കാർഷിക വികസന സമിതിയംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് സ്വാഗതവും കൃഷി ഓഫീസർ പ്രജിത പ്രകാശ് നന്ദിയും പറയും. തുടർന്ന് പായസ വിതരണവും നടക്കും.

Leave a Reply

Your email address will not be published.