‘നിങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ വിട്ടു പിരിയില്ല…. ” ഒരു ചികിത്സകന്റെ പരസ്യവാചകമാണിത്.
ഇതുള്‍പ്പെടെ പാലായിലും പരിസരത്തുമായി വിവിധ വ്യാജ ചികിത്സകര്‍ കൂണുപോലെ പൊട്ടി മുളയ്ക്കുന്നുണ്ടെങ്കിലും സംസ്ഥാന -ജില്ലാ ആരോഗ്യ വകുപ്പ് അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണാക്ഷേപം.
സ്ത്രീകളുടെ രഹസ്യ രോഗങ്ങള്‍ മാറ്റുന്നതില്‍ വൈദഗ്ധ്യമുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ഒരു യുവാവ് പേരിനൊപ്പം ഡോക്ടര്‍ എന്നു ചേര്‍ക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് കൃത്യമായൊരു രേഖയും പക്കലില്ല എന്നാണ് ആരോപണം.
പ്രകൃതിചികിത്സാ വിദഗ്ധന്‍ എന്നറിയപ്പെടുന്ന മറ്റൊരു ”സ്വയം പ്രഖ്യാപിത ഡോക്ടര്‍ ‘ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ക്ക് അലോപ്പതി മരുന്നുകളും കൊടുക്കുന്നുണ്ടത്രേ.
ഇയാളുടെ ചികിത്സാ കേന്ദ്രത്തിനു മുന്നില്‍ പുലര്‍ച്ചെ മുതല്‍ രാത്രി 9 വരെ ദൂരെ സ്ഥലത്തു നിന്നെത്തുന്ന രോഗികളുടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ആളുകള്‍ ഇവിടെ കൂട്ടംകൂടി നില്‍ക്കുകയാണ്.
പുലര്‍ച്ചെ 6-ന് എത്തുന്നവര്‍ക്കും ‘ഡോക്ടറെ” 10 മണിയോടെയേ കാണാനാവൂ. ഡോക്ടറെ കാണുന്നതിനു മാത്രം 500 രൂപയാണ് ഫീസ്. കാത്തിരിക്കാന്‍ വയ്യാത്തവര്‍ ആയിരം രൂപാ അടച്ചാല്‍ നേരത്തേ ‘കണ്‍സല്‍ട്ടേഷന്‍ ‘ അനുവദിക്കും.
തന്റെത് ഒരു പുതിയ ചികിത്സാമാര്‍ഗ്ഗമാണെന്നും ഇതിന് പ്രത്യേകിച്ച് മരുന്നുകളൊന്നും വേണ്ടി വരില്ലെന്നും ആദ്യം പറയുന്ന ‘ഡോക്ടര്‍ ‘ പക്ഷേ രോഗി മടങ്ങാന്‍ നേരം രണ്ടായിരം മുതല്‍ ആറായിരം രൂപയുടെ വരെ ‘മരുന്നുകള്‍ ‘ കെട്ടിയേല്‍പ്പിക്കും.
ഇയാള്‍ ഉള്‍പ്പെടെ 6 ഡോക്ടര്‍മാര്‍ ഇവിടെ ചികിത്സിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നതെങ്കിലും ഭാര്യ മാത്രമേ ഒപ്പമുള്ളൂ എന്നാണ് അവിടുത്തെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
സ്ത്രീകളുടെ രഹസ്യ രോഗങ്ങളും ജീവിത ശൈലീ രോഗങ്ങളും ചികിത്സിക്കാനാണീ തട്ടിപ്പ് ഡോക്ടര്‍ക്ക് ഏറെ താല്‍പ്പര്യം.
ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാള്‍ ഇപ്പോഴും ചികിത്സ നിര്‍ബാധം തുടരുകയാണ് എന്നാണാക്ഷേപം.
കേരളത്തില്‍ ചികിത്സ നടത്തണമെങ്കില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ (ടി. സി. എം. സി. ) അനുമതി പത്രം വേണമെന്നരിക്കേ ഇതൊന്നുമില്ലാതെയാണ് പാലായിലെ പ്രകൃതി ചികിത്സകന്റെ ‘ഡോക്ടര്‍’ വിളയാട്ടം.
ഈ വ്യാജ ചികിത്സകനെപ്പറ്റി പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ. എം. എ ) പാലാ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോസ് കുരുവിള കോക്കാട്ട് പറഞ്ഞു.
അടുത്ത ദിവസം ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, കോട്ടയം ഡി. എം. ഒ എന്നിവര്‍ക്ക് ഐ. എം. എ ഒന്നു കൂടി പരാതി നല്‍കുമെന്നും ഡോ. ജോസ് കുരുവിള വ്യക്തമാക്കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19