ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ ഡ്രൈവര്‍ക്കു കോവിഡ്, വ്യാപാരസ്ഥാപനങ്ങള്‍ ഭാഗികമായി അടയ്ക്കും, സൂപ്പര്‍മാര്‍ക്കറ്റുകളിലും നിയന്ത്രണം

ഏറ്റുമാനൂര്‍: മത്സ്യചന്തയ്ക്കു പിന്നാലെ പച്ചക്കറി ചന്തയിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരുതല്‍ നടപടികളുമായി ഏറ്റുമാനൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി. ടൗണിലെ കടകളെല്ലാം അടുത്ത ഞായറാഴ്ച (26/07/2020) വരെ ഭാഗികമായി അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് എന്‍പി തോമസ് അറിയിച്ചു.

തിങ്കളാഴ്ച ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിര്‍ണായക തീരുമാനം എടുത്തത്.

നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ടൗണിലെ പച്ചക്കറി, പലചരക്ക്, മരുന്നുകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. ഭക്ഷണശാലകളും തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ ഇരുന്നു കഴിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല. പാഴ്‌സല്‍ മാത്രം ലഭ്യമാക്കും.

ടൗണില്‍ ഹോം ഡെലിവറി നടത്തുന്ന സ്ഥാപനങ്ങളോടു ഹോം ഡെലിവറി കൂടുതല്‍ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആളുകള്‍ കടയ്ക്കകത്തു കയറുന്നത് കഴിവതും ഒഴിവാക്കണം. ഇതിനായി അവര്‍ നല്‍കുന്ന ലിസ്റ്റിലെ സാധനം ജീവനക്കാര്‍ പുറത്തെത്തിച്ചു നല്‍കുന്ന സംവിധാനം ഒരുക്കാന്‍ ശ്രമിക്കണമെന്നും എന്‍പി തോമസ് അറിയിച്ചു.

സ്ഥാപനങ്ങളിലെത്തുന്നവര്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വ്യാപാര സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം. പച്ചക്കറി മൊത്ത വ്യാപാര ശാലകളിലേക്ക് എത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ പ്രവേശിപ്പിക്കൂ. വാഹനത്തിലെ ജീവനക്കാരെയും പ്രാഥമിക പരിശോധനകള്‍ക്കു വിധേയമാക്കും.

ഇവര്‍ ലോഡിറക്കി പോയതിനു ശേഷം മാത്രമേ വിതരണം ആരംഭിക്കുകയുള്ളു. ഇടപാടുകാരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ ചെയ്യേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതേ സമയം, വ്യാപാരി വ്യവസായി സംഘടനയുടെ നടപടി തിടുക്കത്തിലായെന്നും ജനത്തിനു ബുദ്ധിമുട്ട് ഉണ്ടാകുമെന്നു കരുതുന്നുവെന്നും നഗരസഭ ചെയര്‍മാന്‍ ബിജു കുമ്പിക്കല്‍ പറഞ്ഞു. വ്യാപാരി സംഘടനാ ഭാരവാഹികളുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

join group new

Leave a Reply

%d bloggers like this: