ഏറ്റുമാനൂര്‍ മല്‍സ്യ മാര്‍ക്കറ്റില്‍ രണ്ടു പേര്‍ക്ക് കോവിഡ്, ചുമട്ടുതൊഴിലാളിക്കും ചെറുകിട വ്യാപാരിക്കുമാണ് സ്ഥിരീകരിച്ചത്; മാര്‍ക്കറ്റ് അടച്ചു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മല്‍സ്യ മാര്‍ക്കറ്റിലെ ഒരു ചുമട്ടുതൊഴിലാളിക്കും മാര്‍ക്കറ്റില്‍ നിന്നു മല്‍സ്യം വാങ്ങി വീടുകളില്‍ വില്‍പന നടത്തുന്ന ചെറുകിട കച്ചവടക്കാരനും കോവിഡ് 19 സ്ഥിരീകരിച്ചു.

ഇരുവര്‍ക്കും ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റ് താത്കാലികമായി അടച്ചു.

ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയാണ് 35കാരനായ ചുമട്ടുതൊഴിലാളി. ഓണംതുരുത്ത് സ്വദേശിയായ 56കാരനാണ് മത്സ്യവ്യാപാരി. ഇരുവരെയും പള്ളിക്കത്തോട്ടിലുള്ള കോവിഡ് സെന്ററിലേക്ക് മാറ്റി.

ചുമട്ടുതൊഴിലാളി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി മരുന്ന് വാങ്ങിയിരുന്നു. വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ അവിടെത്തിയത്. ഇയാളെ പരിശോധിച്ച ഡോക്ടറും ആ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരും ക്വാറന്റയിനില്‍ പോകേണ്ടി വന്നേക്കും. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.

ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്നു കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കളക്ടര്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അതിനു ശേഷം തുടര്‍നടപടികളില്‍ തീരുമാനം എടുക്കുമെന്നും നഗരസഭ ചെയര്‍മാന്‍ ബിജു കുമ്പിക്കല്‍ അറിയിച്ചു.

join group new

You May Also Like

Leave a Reply