കോട്ടയം, ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതയായ ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ 22 കിലോമീറ്ററും കടന്നു പോകുന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് ഡി വിഷന്റെ ഭാഗമായ തീക്കോയി പഞ്ചായത്തിലൂടെയാണ്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 66 കോടി രൂപ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് അനുവദിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികളിൽ നേരിട്ട കാലതാമസം മൂലം പദ്ധതി വൈകുകയും, റോഡ് യോഗ്യമല്ലാതായി തീരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ടാണ് റോഡ് നവീകരണത്തിനായി 19,90 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തത്.
എന്നാൽ കരാറെടുത്ത കൺസ്ട്രക്ഷൻ സ്ഥാപനം നിർമ്മാണത്തിൽ വ്യാപകമായ ക്രമക്കേടാണ് നടത്തുന്നതെന്ന് നിരവധി പരാതികളാണ് ഉയരുന്നത്. ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ എങ്കിലും പകുതി സമയം പിന്നിട്ടിട്ടും നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്.
ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ നാല് കിലോ മീറ്റർ ബി എം പ്രവർത്തികൾ മാത്രമാണ് നിലവിൽ പൂർത്തികരിച്ചിട്ടുള്ളത്. ഇവിടെ ടാർ ചെയ്ത് നാല് ദിവസം കഴിഞ്ഞപ്പോൾ തന്നെ വീണ്ടും റോഡ് തകരുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. കുഴികൾ പാച്ച് വർക്ക് നടത്തി അടയ്ക്കുകയാണ് കരാറുകാരൻ.
മഴ കാരണമാണ് റോഡ് തകർന്നതെന്നാണ് കരാറുകാരന്റെ വിശദീകരണം. എന്നാൽ ഇതോടൊപ്പം തന്നെ ബി. എം. ടാറിങ്ങ് നടത്തിയ തീക്കോയി – ചാമപ്പാറ – അടുക്കം റോഡിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല എന്നും ഷോൺ ജോർജിന്റെ കത്തിൽ പറയുന്നു.
ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി ഗുണനിലവാരം ഉറപ്പു വരുത്തി റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിന് കരാറുകാരനും, ഉദ്യോഗസ്ഥർക്കും നിർദ്ധേശം നൽകണമെന്ന് ഷോൺ ജോർജ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസിനെഴുതിയ കത്തിൽ അഭ്യർത്ഥിച്ചു.