പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയവർക്ക് ജാമ്യമില്ല

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സബ് ഇൻസ്‌പെക്ടറേയും സംഘത്തെയും ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തകേസിലെ പ്രതികളെ റിമാൻഡ് ചെയ്തു.

നടയ്ക്കൽ സ്വദേശി സുബീഷ്, തെക്കേകര സ്വദേശികളായ ഷാനവാസ്, മുജീബ് എന്നിവരാണു റിമാൻഡിലായത്.

12.10.20 തീയതി രാത്രി പട്രോളിങ്ങിനിനെ മാസ്‌ക് ധരിക്കാതെ കാണപ്പെട്ട നാൽവർ സംഘത്തോട് എസ്.ഐ. പേരുവിവരം ആരായുകയും മദ്യലഹരിയിലായിരുന്ന പ്രതികൾ പോലീസിനെ ആക്രമിക്കുകയുമായിരുന്നു.

കൂട്ടത്തിലുണ്ടായിരുന്ന സുനീർ എന്നയാളെ എസ്.ഐ. സ്ഥലത്തുവച്ചുതന്നെ കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്തിരുന്നു. ഈ സമയം മറ്റുള്ളവർ കടന്നുകളഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ സൂനീറിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.

ഒളിവിൽ പോയ മറ്റു പ്രതികൾ ജില്ലാ കോടതിയിൽ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യം അനുവദിക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനാണു കോടതി നിർദ്ദേശിച്ചത്.

പിന്നീട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തുന്നത് അതീവ ഗൗരവമായിക്കണ്ടാണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്.

തുടർന്നാണ് കോടതി നിർദ്ദേശാനുസരണം ഇന്നലെ(14.12.20)പ്രതികൾ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

പ്രതികൾ കോടതിമുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ച് മൂന്നുപേരേയും റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply