അബുദാബിയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ഈരാറ്റുപേട്ട സ്വദേശി

ഈരാറ്റുപേട്ട: ലോകം മുഴുവന്‍ ഇപ്പോള്‍ ഏക സ്വരത്തില്‍ പ്രാര്‍ഥിക്കുന്നത് ഒരേ ഒരു കാര്യത്തിനാണ്. കോവിഡിന് ഫലപ്രദമായൊരു വാക്‌സിന്‍ കണ്ടെത്തണേ എന്നതാണ് ആ പ്രാര്‍ഥന.

വാക്‌സിന്‍ നിര്‍മാണത്തിന്റെ പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ ഒന്നാണ് മനുഷ്യരിലെ പരീക്ഷണം. ഇതിനു പലപ്പോഴും വെല്ലുവിളിയാകുന്നത് സ്വന്തം ശരീരം പരീക്ഷണത്തിനു വിട്ടുകൊടുക്കാന്‍ ആളുകള്‍ തയാറാകാതെ വരുന്നതാണ്.

പുതിയ വാക്‌സിന്‍ ശരീരത്തില്‍ എന്തെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുമോ എന്ന പേടിയാണ് പലരും തയാറാവാത്തതിനു കാരണം.

ഈ അവസരത്തിലാണ് തെക്കേക്കര സ്വദേശി നാസര്‍ റഷീദ് ഈരാറ്റുപേട്ടയ്ക്കു മുഴുവന്‍ അഭിമാനമായി മാറുന്നത്. അബുദാബി സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ ഫേസ് മൂന്നിലെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്താണ് നാസര്‍ നാടിന് അഭിമാനമാകുന്നത്.

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിനോഫാം, അബുദാബി സര്‍ക്കാരുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായ വാക്‌സിന്റെ മൂന്നാമത്തെ ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

ആകെ 45,000 ആളുകളിലാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തില്‍ പങ്കാളിയാകാന്‍ ആരെയും സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ല. ആര്‍ക്കും പരീക്ഷണത്തില്‍ പങ്കുചേരാം. ഇതുവരെ ഏകദേശം 20,000 ആളുകള്‍ ഈ പരീക്ഷണത്തില്‍ പങ്കാളിയായിട്ടുണ്ട്.

മൂന്നു ഘട്ടത്തിലായി പരീക്ഷണം

ഒരു വ്യക്തിയില്‍ ഈ വാക്‌സിന്‍ പരീക്ഷിക്കുന്നത് മൂന്നു ഘട്ടങ്ങളിലായാണ്. ആദ്യം വാക്‌സിന്‍ നല്‍കി 15 ദിവസം നിരീക്ഷിച്ചതിനു ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക. ഇങ്ങനെ ഏകദേശം 50 ദിവസത്തോളം നീളുന്ന പരീക്ഷണമാണ് നടക്കുന്നത്.

തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് എന്ത് ആരോഗ്യ പ്രശ്‌നം വന്നാലും അബുദാബി ഹെല്‍ത്ത് വിഭാഗം നോക്കിക്കൊള്ളും. നാസറിനൊപ്പം നാസറിന്റെ ബിസിനസ് പാര്‍ട്ണറായ ശബാദും പരീക്ഷണത്തില്‍ പങ്കെടുക്കുന്നു. ഇവര്‍ മാത്രമല്ല, അനവധി മലയാളികളും ഈ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

എന്തു കൊണ്ട് ഇത്തരമൊരു പരീക്ഷണത്തിന് തയാറായി എന്ന ചോദ്യത്തിന് നാസറിനു പറയാന്‍ ഒരുത്തരം മാത്രം. സാമൂഹിക പ്രതിബദ്ധത. കൊവിഡ് എന്ന മഹാമാരിയില്‍ നിന്നു രക്ഷ നേടാന്‍ എത്രയും വേഗം വാക്‌സിന്‍ കണ്ടെത്തിയേ മതിയാകൂ.

ലോകത്തിന്റെ ഭാവി ഈ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിലാണ്. അതു കൊണ്ടു തന്നെ, ലോകം മുഴുവന്‍ ആഗ്രഹിക്കുന്ന, പ്രാര്‍ഥിക്കുന്ന ആ വാക്‌സിന്‍ കണ്ടെത്തുന്നതില്‍ തന്റേതായ ഒരു ചെറിയ പങ്ക് എങ്കിലും വഹിക്കാനാകുമല്ലോ എന്നായിരുന്നു നാസറിന്റെ മറുപടി.

തെക്കേക്കര വെട്ടിക്കല്‍ റഷീദിന്റെ മകനായ നാസര്‍ ഇപ്പോള്‍ അബുദാബിയില്‍ മെഡ്‌കോണ്‍ മെഡിക്കല്‍ എക്വിപ്‌മെന്റ് ട്രേഡിങ് എല്‍എല്‍സി എന്ന കമ്പനി നടത്തുകയാണ്. ഭാര്യ ഫാത്തിമ ഫാര്‍മസിസ്റ്റാണ്.

മരുന്നും മരുന്നിന്റെ പരീക്ഷണങ്ങളെകുറിച്ചും അടുത്തറിയുന്ന ആളെന്ന നിലയില്‍ നാസറിനു തുണയായി നിന്നതും ഫാത്തിമ തന്നെ. മൂന്നു കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: