ഈരാറ്റുപേട്ട: നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് ചട്ടം ലംഘിച്ചെന്ന് പരാതി.
മുനിസിപ്പല്‍ ചട്ടം അനുസരിച്ച് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലും വനിതാ സംവരണം ഉണ്ട്. ഈ നിയമം അനുസരിച്ച് ആദ്യം വനിതാ സംവരണ അംഗത്തെ തെരഞ്ഞെടുത്തിട്ട് മാത്രമേ ബാക്കിയുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്താന്‍ പാടുള്ളൂ.
ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ മത്സരിക്കാന്‍ വനിത ഇല്ലാത്ത പക്ഷം സ്ഥാനം നികത്തുന്നതിന് അഞ്ചു ദിവസത്തിനകം യോഗം ചേര്‍ന്ന് ഒഴിവുള്ള വനിത സംവരണം നികത്തിയിട്ടേ ബാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ പാടുള്ളൂവെന്നും ചട്ടം അനുശാസിക്കുന്നു.
എന്നാല്‍ ഈരാറ്റുപേട്ട നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ വനിതകള്‍ ആരും നോമിനേഷന് ആരും സമര്‍പ്പിച്ചിരുന്നില്ല. പക്ഷേ ഈ ഒഴിവ് നികത്താതെയാണ് മറ്റ് നടപടിക്രമങ്ങള്‍ നടന്നത്.
കേരള മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മറ്റി ചട്ടങ്ങളിലെ 3. A പ്രകാരം ഇവിടെ നടന്ന ഇലക്ഷന് രീതികള്‍ ചട്ടവിരുദ്ധമാണ്.
സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ഉള്‍പെടേണ്ട അംഗങ്ങള്‍ക്കു പുറമേ, എണ്ണത്തില്‍ കൂടുതലായി അംഗങ്ങള്‍ നോമിനേഷന് നല്കിയാല് തെരഞ്ഞെടുപ്പ് നടക്കും.
അങ്ങനെ ഇലക്ഷന് നടന്നാല്‍ എല്ലാ സ്ഥാനാര്‍ഥികളുടെയും പേരുകള്‍ ബാലറ്റില്‍ ഉള്‍പ്പെടുത്തി മുന്‍ഗണനാ ക്രമത്തില്‍ പേരുകള്‍ക്കു നേരെ ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തില്‍ എഴുതി വോട്ട് ചെയ്യണമെന്നാണ് ചട്ടം അനുശാസിക്കുന്നത്.
ഈ നിയമവും പാലിക്കപ്പെട്ടിട്ടില്ല. ഇവിലെ നടന്ന ഇലക്ഷനില്‍ ബാലറ്റില്‍ എഴുത്തിന് പകരം കോളം വരച്ച് അതില്‍ ‘X’ മാര്‍ക്കിടാന്‍ ആണ് വരണാധികാരി ആവശ്യപ്പെട്ടത്. ഇതു കേരള മുനിസിപ്പാലിറ്റി ചട്ടം 8 (2) ന് വിരുദ്ദമാണ്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത് ജനുവരി 14നാണ്. അന്നു രാവിലെ 11 മണിക്ക് യോഗം ചേര്‍ന്ന് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുമെന്ന് അറിയിച്ച് വരണാധികാരി പ്രസിദ്ധീകരിച്ച നോട്ടീസിലും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് വനിതകളെ തെരഞ്ഞെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page