ഈരാറ്റുപേട്ട: നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികകളാണ് തങ്ങളുടെ ക്യാമ്പസ് ഓർമ്മകൾ തങ്ങിനിൽക്കുന്ന എം.ഇ.എസ് കോളജിന്റെ മുറ്റത്തേക്ക് പൂർവ വിദ്യാർത്ഥി സംഗമത്തിന് ഇന്നലെ ഒഴുകിയെത്തിയത്ത്. ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് എം ഇഎസ് കോളജ് കാമ്പസ് സാക്ഷിയായത്.
സാമൂഹിക മാധ്യമങ്ങൾ വഴിയും നേരിട്ടും ഫോണിലൂടെയും അദ്ധ്യാപകരും അലുമിനി അസോസിയേഷൻ ഭാരവാഹികളും നിരന്തരം നടത്തിയ ക്ഷണം കിട്ടിയ അവർ ജനുവരി26 ആകാൻ കാത്തിരിക്കുകയായിരുന്നു. അവർ കാമ്പസിൽ തങ്ങളുടെ സഹപാഠികളെയും അദ്ധ്യാപകരെയും മുൻ ദ്ധ്യാപകരെയും വീണ്ടും കണ്ടുമുട്ടി. ഓർമ്മകളുടെ കുത്തൊഴുക്കിൽ പലരുംവിതുമ്പി.
ചിലർ പഴയ പിണക്കങ്ങൾ പറഞ്ഞു തീർത്തു. പഴയ കുസ്രുതികൾക്ക് ഗുരുക്കൻമാരേട് ചിലർ മാപ്പുപറഞ്ഞു. പലരും തങ്ങളുടെ ക്ലാസ് മുറികൾ തേടിപ്പോയി. പഴയ ഇരിപ്പിടങ്ങളിൽ വീണ്ടുമിരുന്നു. ഇടനാഴികളിലൂടെയും ഗോവണിപ്പടികളിലൂടെയും തോളിൽ കയ്യിട്ടും കൈകൾ ചേർത്തുപിടിച്ചും നടന്ന് അവർ പഴയ വിദ്യാർത്ഥികളായി. കാമ്പസിലെ തങ്ങളുടെ ഇഷ്ട ഇരുപ്പു മൂലകൾ അവർ സെൽഫി ക്ലിക്കുകൾക്കുള്ള വേദിയാക്കി.


കോട്ടയം അഗോചരം മ്യൂസിക് ബാൻറിന്റെ മ്യൂസിക്കൽ ഫ്യൂഷൻ വേറിട്ട അനുഭവമായി. കൈയടിച്ചും നൃത്തംചെയ്തും കൂടെപ്പാടിയും പൂർവ്വവിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിൽ തങ്ങളുടെ കോളജ്കാല ഗാനമേളാ ദിനങ്ങളുടെ ഓർമ്മകളിലേക്ക് മടങ്ങിപ്പോയി. സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ സ്നേഹ വിരുന്നിനിരുന്നവർ ക്ലാസ്മുറികളിൽ ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചതിന്റെ ഓർമ്മകൾ പങ്കിട്ടു. വർഷങ്ങൾക്കുശേഷം കാണുന്ന തങ്ങളുടെ അദ്ധ്യാപകരോട് പലർക്കും പലതും പങ്കു വെക്കാനുണ്ടായിരുന്നു. പലരും കുടുംബസമേതമാണ് എത്തിയത്.
ദീർഘകലാം കോളജിന്റെ മാനേജർആയിരുന്ന പ്രഫ.എംകെ.ഫരീദ് സംഗമം ഉദ്ഘാടനം ചെയ്തു. കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ പ്രഫ. എം ജെ മാത്യു, മുൻ അദ്ധ്യാപകരായ പ്രഫ. കെ.എം മേരിക്കുട്ടി, ഡോ. സിന്ധു ,കിഷോർ ബേബി , അന്നറ്റ് ജോസഫ്,ശ്രീതു എസ് നായർ,ഡോ.ആഷകെ.മൊയ്തീൻ കോളജിലെ ആദ്യ വിദ്യാർത്ഥി സാൽമിയ, പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിന് ” മെമ്മോറിയ 23”എന്ന പേര് നിർദ്ദേശിച്ചജിസ്ന റഷീദ് എന്നിവരെ യോഗത്തിൽ ആദരിച്ചു.
അലൂമിനി അസോസിഷൻ പ്രസിഡൻറ് റിഫാൻ കെ മനാഫ് സ്വാഗതവും ട്രഷറർ റിയാസ് പി.എ നന്ദിയും പറഞ്ഞു. പരിപാടിയുടെ സംഘാടക മികവും പങ്കാളിത്ത മികവും തിരിച്ചറിഞ പൂർവ്വ വിദ്യാർത്ഥികൾ ഇനിയും ഇത്തരം സംഗമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്യാമ്പസ് വിട്ടത്.