ഈരാറ്റുപേട്ട: ജോലിക്കു പോകാന്‍ വിസമ്മതിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ കണ്ടക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. 12 കണ്ടക്ടര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സര്‍വീസ് നടത്താന്‍ തയാറാകാതിരുന്നതിനെതുടര്ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടി. ഇവരുടെ പ്രവൃത്തി മൂലം 12 സര്‍വീസുകള്‍ മുടങ്ങിയെന്നും സാമ്പത്തിക നഷ്ടമുണ്ടായെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
ഡ്യൂട്ടിക്കു ഹാജരായ ഇവര്‍ മേലുദ്യോഗസ്ഥരുടെ അനുവാദം കൂടാതെയാണ് സ്റ്റാന്‍ഡ് വിട്ടുപോയതെന്നും ഇതു കൃത്യനിര്‍വഹണത്തിലെ ഗുരുതര വീഴ്ചയാണെന്നും കെഎസ്ആര്‍ടിസിയുടെ പ്രതിച്ഛായയ്ക്കു ഇവരുടെ നടപടി കോട്ടംവരുത്തിയെന്നും സസ്പെന്ഷന് ഓര്‍ഡറില്‍ പറയുന്നു.
എന്നാല്‍ ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടും ജോലിക്കു ഹാജരായ ഉദ്യോഗസ്ഥയെ രക്ഷിക്കാനാണ് സസ്പെന്ഷന് നടപടിയെന്ന് കണ്ടക്ടര്‍മാര്‍ പറഞ്ഞു.
കണ്ടക്ടര്‍മാരായ എസ് രാജേഷ്കുമാര്‍, എംകെ വിനോദ്, എസ് കവിതകുമാരി, പിആര്‍ രാജന്, കെജെ ഐസക്, പികെ സന്തോഷ്, ഡോണിഷ് പി ജോസ്, എ ജഗതി, കെആര്‍ ബിജുകുമാര്‍, എംഎന്‍ ബിജുമോന്, സ്റ്റീഫന്‍സണ്‍ പോള്‍, റ്റിഎസ് ഹരികുമാര്‍ എന്നിവരെയാണ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തത്.