ഈരാറ്റുപേട്ടയുടെ വികസന സ്വപ്‌നങ്ങള്‍ മുഖ്യമന്ത്രിയോടു പങ്കുവെച്ച് നദീര്‍ മൗലവിയും പിഇ മുഹമ്മദ് സക്കീറും എംഎ നവാസും; നിവേദനം സമര്‍പ്പിച്ചു

ഈരാറ്റുപേട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് ഈരാറ്റുപേട്ടയുടെ വികസന സ്വപ്‌നങ്ങള്‍ പങ്കുവെച്ച് നദീര്‍ മൗലവിയും പിഇ മുഹമ്മദ് സക്കീറും എംഎ നവാസും.

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കോട്ടയത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഈരാറ്റുപേട്ടയുടെ പൊതുവായ വികസന കാഴ്ചപ്പാടുകളും ആവശ്യങ്ങളും അടങ്ങിയ നിവേദനം ഇവര്‍ മുഖ്യമന്ത്രിയ്ക്കു സമര്‍പ്പിച്ചത്.

Advertisements

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുക എന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

ഇതോടൊപ്പം തന്നെ ഈരാറ്റുപേട്ടയുടെ ടൂറിസം മേഖലയിലെ വികസനത്തിനായി കായലോര ടൂറിസം മേഖലയായ കുമരകത്തെ മലയോര ടൂറിസം മേഖലയായ വാഗമണ്ണുമായി ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേ, ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് എന്നിവ നവീകരിക്കുക, മലയോര ടൂറിസം മേഖലയുടെ പ്രവേശന കവാടമായ ഈരാറ്റുപേട്ടയില്‍ ടൂറിസം ഗസ്റ്റ് ഹൗസ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

പുതിയ മുനിസിപ്പാലിറ്റിയായ ഈരാറ്റുപേട്ടയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുക, മീനച്ചിലാറിന്റെ ശുചീകരണത്തിനായും മീനച്ചിലാറില്‍ സദാസമയത്തും ജലസമൃദ്ധമാക്കുന്നതിനുമായി പ്രത്യക നടപടികള്‍ കൈക്കൊള്ളുക എന്നിവയാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് ആവശ്യങ്ങള്‍.

നാട്ടകം ഗസ്റ്റ് ഹൗസില്‍ വെച്ചു നടന്ന ചടങ്ങില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ജനപ്രതിനിധികളും സാമൂഹ്യ-സാമുദായിക രംഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രമുഖരും പങ്കെടുത്തു.

ഓരോ ജില്ലയുടെയും വികസന സ്വപ്‌നങ്ങള്‍ അറിയുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി കേരള സന്ദര്‍ശനം നടത്തുന്നത്. കോട്ടയം ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

You May Also Like

Leave a Reply