ഈരാറ്റുപേട്ടയില്‍ കുതിച്ചുയര്‍ന്ന് കോവിഡ്; ചികില്‍സയിലുള്ളവരുടെ എണ്ണം 250 ആയി, ഈയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 170 പേര്‍ക്ക്; ഭയപ്പെടുത്തുന്ന കണക്കുകള്‍ ഇങ്ങനെ

ഈരാറ്റുപേട്ട: നഗരസഭയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നു 49 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായി ചികില്‍സയിലുള്ളവരുടെ എണ്ണം 250 ആയി.

ഇന്ന് രോഗമുക്തി നേടിയ ഏഴു പേരടക്കം ഇതുവരെ 433 പേര്‍ നഗരസഭയില്‍ രോഗമുക്തി നേടി. അതേ സമയം, ഈ ആഴ്ച മാത്രം 170ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വലിയ ആശങ്കയ്ക്കു വക നല്‍കുന്നു.

ഈയാഴ്ചയില്‍ നാലു ദിവസമാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. നാലു ദിവസവും മുപ്പതിലധികം രോഗബാധിതര്‍ വീതം നഗരസഭയില്‍ റിപ്പോര്‍ട്ടു ചെയ്തു.

തിങ്കളാഴ്ച 35 പേര്‍ക്കും ചൊവ്വാഴ്ച 33 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ ബുധനാഴ്ച 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൂന്നു ദിവസം കൊണ്ടു മാത്രം രോഗം സ്ഥിരീകരിച്ചത് 102 പേര്‍ക്കാണ്.

തുടര്‍ച്ചയായി മൂന്നു ദിവസങ്ങളിലും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. വ്യാഴം വെള്ളി ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് ഇല്ലായിരുന്നതിനാല്‍ മാത്രമാണ് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ യഥാക്രമം 9, 10 പേര്‍ക്കു വീതമാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു വീണ്ടും ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് 49 പേര്‍ക്കു കൂടെ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ഈയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 170 ആയി. ആന്റിജന്‍ ടെസ്റ്റു നടത്തിയ നാലു ദിവസങ്ങളില്‍ മാത്രം രോഗം സ്ഥിരീകരിച്ചതാകട്ടെ 151 പേര്‍ക്കും.

കണക്കുകള്‍ സത്യത്തില്‍ പേടിപ്പിക്കുന്നതു തന്നെയാണ്. എല്ലാ ദിവസവും എന്ന പോലെ ആന്റിജന്‍ ടെസ്റ്റ് നടത്തി ആരോഗ്യ വിഭാഗവും നഗരസഭയും കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ ശ്രമിക്കുമ്പോഴും കോവിഡ് രോഗബാധ കുതിച്ചുയരുന്നത് സ്ഥിതി രൂക്ഷമാണെന്നു വ്യക്തമാക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഗരസഭയ്ക്കും ചെയ്യാവുന്നതിലുമപ്പുറം ഇനി ശ്രദ്ധിക്കേണ്ടത് നാം ഓരോരുത്തരുമാണ്.

പുറത്തുവരുന്ന കണക്കുകളേക്കാള്‍ ഭയാനകമാണ് സ്ഥിതി എന്നു മനസിലാക്കി അനാവശ്യ ആള്‍ക്കൂട്ടങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണം. ജാഗ്രത മാത്രം പോരാ, ഇനി അല്‍പം കൂടുതല്‍ ഭയപ്പെടേണ്ട അവസ്ഥ തന്നെയാണ് നഗരസഭയില്‍ നിലവിലുള്ളത് എന്നു തിരിച്ചറിയുക.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: