പിസി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേരുമെന്നു നിസാര്‍ കുര്‍ബാനി; പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും കടുത്ത നിലപാടില്‍; പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനം ത്രിശങ്കുവില്‍?

ഈരാറ്റുപേട്ട: പിസി ജോര്‍ജ് എംഎല്‍എയുടെ യുഡിഎഫ് മുന്നണി പ്രവേശനത്തിനെതിരെ ശക്തമായ നിലപാടുമായി ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.

പിസി ജോര്‍ജ് എംഎല്‍എയെ മുന്നണിയിലെടുത്താല്‍ കോണ്‍ഗ്രസ് വിടുമെന്നും കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളും ത്യജിച്ച് ഇടതുപക്ഷത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും മുന്‍ നഗരസഭാ അധ്യക്ഷനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി അറിയിച്ചു.

Advertisements

നിസാര്‍ കുര്‍ബാനിയ്‌ക്കൊപ്പം തന്നെ ഈരാറ്റുപേട്ടയിലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിടുമെന്നും അറിയിച്ചിട്ടുണ്ട്.

തന്നോടൊപ്പം ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ മുഴുവന്‍ ഭാരവാഹികളും ബ്ലോക്ക് മണ്ഡലം ഭാരവാഹികളും പി സി ജോര്‍ജ്ജ് യുഡിഎഫിലേക്ക് പ്രവേശിക്കുക ആണെങ്കില്‍ അവരുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെച്ചു കൊണ്ട് എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും നിസാര്‍ കുര്‍ബാനി പറഞ്ഞു.

എല്ലാവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കും. രാഷ്ട്രീയത്തില്‍ യാതൊരു വിധ ധാര്‍മികതയും പുലര്‍ത്താത്തയാളാണ് പിസി ജോര്‍ജ് എന്നും നിസാര്‍ കുര്‍ബാനി ആരോപിച്ചു.

പിസി ജോര്‍ജിനെ യുഡിഎഫിലെടുത്താല്‍ പൂഞ്ഞാറില്‍ മാത്രമല്ല സമീപ മണ്ഡലങ്ങളായ തൊടുപുഴ ഉള്‍പ്പെടെ ഉള്‍പ്പെടെയുള്ള നിയോജകമണ്ഡലവും യുഡിഎഫിനു നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്.

പ്രാദേശികമായുള്ള കടുത്ത എതിര്‍പ്പുകള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സഹകരണ നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന നേതാക്കളുടെ നിലപാട് നിരാശാജനകമാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും കുര്‍ബാനി പറഞ്ഞു.

അടുത്തുവരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അതേ സമയം, ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ തീക്കോയിയിലെ കോണ്‍ഗ്രസ് നേതൃത്വവും പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് എതിരെ രംഗത്തുവന്നിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ഈ നിലപാട് പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെ എങ്ങനെ ബാധിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

You May Also Like

Leave a Reply