കഴിഞ്ഞ നവംബര്‍ 15 നു രാത്രി ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്നു അകത്തു കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നിലവറയുടെ ലോക്കര്‍ കട്ട് ചെയ്തു മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും 25 കിലോ വെള്ളി ആഭരണങ്ങളും മോഷണം ചെയ്തെടുത്ത ഗുജറാത്ത് സൂററ്റ് ജില്ലയിലെ സായന്‍ ല്‍ ലേക് വ്യൂ അപ്പാര്‍മെന്റില്‍ താമസം ഷെയ്ഖ് ബാബ്ലൂ അജിബര് (37) നെ ഏലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം വെസ്റ്റ് ബംഗാളിലെ പേട്രപ്പോള്‍ അതിര്‍ത്തിക്കു സമീപത്തുനിന്നും അറസ്റ് ചെയ്തു.
ഗുജറാത്തിലെ സൂറത്തില്‍ വിവിധ ജ്വല്ലറികളിലായി വില്‍പ്പന നടത്തിയ ഒന്നേ കാല് കിലോ സ്വര്‍ണം ഉരുക്കിയ നിലയില്‍ പോലീസ് കണ്ടെടുത്തു.
നഗരത്തെ നടുക്കിയ മോഷണ വിവരം അറിഞ്ഞ ഉടന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ ഏലൂര്‍ ഇന്‍സ്പെക്ടര്‍ മനോജ്എം, എസ്ഐ പ്രദീപ് എം, സിറ്റി ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കൂടാതെ കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ നിന്നുള്ളവരെ ഉള്‍പ്പെടെയുള്ള സൈബര്‍ ഫോറെന്‍സിക് വിദഗ്ധരെയും ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ജ്യല്ലറിയില് സിസിടിവി ഇല്ലാതിരുന്നതിനാല്‍ സമീപ സ്ഥലം മുതല്‍ ആലുവ വരെയുള്ള നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും, ഇരുപത് ലക്ഷത്തോളം ഫോണ്‍ കോളുകളും പരിശോധിച്ച് നടത്തിയ അന്വഷണത്തില്‍ ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍ മേല്‍വിലാസമുള്ള ബംഗ്ലാദേശ് സ്വദേശികളായ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു.
പക്ഷെ ബംഗ്ലാദേശ് സ്വദേശികളായ ചിലര്‍ ഇതിനോടകം അതിര്‍ത്തി കടന്നിരുന്നു. തുടര്‍ന്ന് ഏലൂര്‍ ഇന്‍സ്പെക്ടര്‍ എം മനോജിന്റെ നേതൃത്വത്തിലുള്ള സംഘം റോഡുമാര്‍ഗം സൂറത്തില്‍ എത്തി അവിടത്തെ ക്രൈം ബ്രാഞ്ച് പാര്‍ട്ടിയുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
എന്നാല്‍ ഇതിനോടകം തന്നെ ഒന്നാം പ്രതിയും കുടുംബാംഗങ്ങളും, രണ്ടാം പ്രതിയുടെ കുടുംബാംഗങ്ങളും രാജ്യം വിടാനായി കല്ക്കറ്റയിലേക്കുള്ള ട്രെയിന്‍ കയറിയിരുന്നു. തുടര്‍ന്ന് ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ക്കായി വല വിരിച്ചങ്കിലും ഇവര്‍ ഹൗറയ്ക്കു മുന്‍പുള്ള സ്റ്റേഷനില്‍ ഇറങ്ങി ബസ്സ് മാര്‍ഗം ഇന്ത്യന്‍ അതിര്‍ത്തിയായ പേട്രപ്പോളിലേക്ക് യാത്ര തിരിച്ചു.
ഇതിനോടകം ഗുജറാത്തില്‍ നിന്നും പോലീസ് പാര്‍ട്ടി വിമാനമാര്‍ഗ്ഗം കൊല്‍ക്കത്തയില്‍ എത്തി പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. ഇതിനോടകം ഒന്നാം പ്രതിയെയും ഭാര്യയെയും ഒഴിച്ചുള്ള മറ്റുള്ളവരെ ബംഗ്ലാദേശിലേക്കു അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് പിടിച്ചു.
തുടര്‍ന്ന് പ്രതി ഏജന്‍സി വഴി കടക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേരള പോലീസ് നോര്‍ത്ത് 24 പര്‍ഗാനയിലെ ഗായ്ഘട്ടയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ഇയാളെ പിന്നീട് ബങ്കാവോണ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വറന്റുമായി ഒരു സംഘം കേരളത്തിലേക്ക് തിരിച്ചു.
ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നെന്നും ബാബ്ലൂ ഈ മോഷണത്തിനായി രണ്ടുമാസമായി ഏലൂരില്‍ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു എന്നും, മറ്റുള്ളവര്‍ മോഷണത്തിന് ഏതാനും ദിവസം മുന്‍പാണ് കേരളത്തില്‍ എത്തിയത് എന്നും, തുടര്‍ന്ന് ആലുവയില്‍ നിന്നും പല സ്ഥാപനങ്ങളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍, ഓക്സിജന്‍ സിലിണ്ടര്‍, കമ്പിപാര മുതലായവ സംഘടിപ്പിച്ചു എന്നും, മോഷണത്തിന് ശേഷം അന്ന് പുലര്‍ച്ചെ തന്നെ കേരളത്തില്‍ നിന്ന് കടന്നു എന്നും, കിട്ടിയ മുതലുകള്‍ സൂറത്തില്‍ എത്തിയ ശേഷം നാലുപേരും പങ്കിട്ടെടുത്തു എന്നും പറഞ്ഞു.
തുടര്‍ന്ന് പോലീസ് നടത്തിയ കഠിന ശ്രമത്തിനോടുവില്‍ വിവിധ ജ്വല്ലറികളിലായി വില്‍പ്പന നടത്തിയ ഒന്നേ കാല് കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തു. റോഡുമാര്‍ഗം കേരളത്തില്‍ എത്തിക്കുന്ന പ്രതിയെ കളമശ്ശേരി കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പുനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.
എലൂര്‍ സിഐ മനോജ് എം, എഎസ്ഐമാരായ അരുണ്‍ ജി.എസ്, സന്തോഷ് കുമാര്‍ എ.കെ, പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട എഎസ്ഐ വിനോദ് കൃഷ്ണ, പോലീസുകാരായ മാഹിന്‍ അബൂബക്കര്‍, അനീഷ് എന്‍എ, അജിലേഷ് എ, സുമേഷ് കെഎസ്, ഹോം ഗാര്‍ഡ് തദ്ദേവൂസ് റ്റിഎല്‍, സൂറത്ത് സിറ്റി ക്രൈം ബ്രാഞ്ചിലെ എസ്ഐ ദേശായ്, എച്ച്സിമാരായ ഷൈലേഷ് ദുബേ, മനോജ്, ജാഥവ്, സൂറത്ത് കമ്മിഷണര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടാതെ പൂനെ, സില്‍വാസ്സ, സൂറത്ത് എന്നിവിടങ്ങളിലെ മലയാളി സമാജം പ്രവര്‍ത്തകരുടെ സഹായവും ലഭിച്ചിരുന്നു.