ഈരാറ്റുപേട്ട: എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാർഗ നിർദേശമൊരുക്കാൻ മെഗാ എജ്യൂക്കേഷൻ ആന്റ് കരിയർ എക്സിബിഷനുമായി പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ.
എംഎൽഎ ഫ്യൂച്ചർ സ്റ്റാർ പദ്ധതിയുടെ ഭാഗമായി ഈ മാസം 27 ന് ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ നാലു വരെയാണ് പരിപാടി. പത്താം ക്ലാസ്, പ്ലസ് ടു, പാസായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന പ്രോഗ്രാം ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഇ ഫോമിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ കോഴ്സുകളും സ്ഥാപനങ്ങളും, ജോലി സാധ്യതകളും വിശദമാക്കി കേരളത്തിലെ അറിയപ്പെടുന്ന കരിയർ വിദഗ്ധർ ക്ലാസുകൾക്കും കൗൺസിലിങ്ങിനും നേതൃത്വം നൽകും . കരിയർ ഗുരു എം എസ് ജലീൽ, ഡോ എസ് വെങ്കിടേശ്വരൻ , അബിൻ എബ്രഹാം, ഡോ ആൻസി തോമസ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. ഇതോടൊപ്പം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണം, മെഡിക്കൽ ചെക്കപ്പ്, ആപ്റ്റിട്യൂട് ടെസ്റ്റ് രജിസ്ട്രേഷൻ എന്നിവയുമുണ്ടാകും.
പ്രശസ്ത മെന്റലിസ്റ്റ് അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോ പരിപാടിക്ക് മാറ്റ് കൂട്ടും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനം ഏവർക്കും സൗജന്യമാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പ്രസ്തുത പ്രോഗ്രാം വൻ വിജയമാക്കാൻ ഏവരും സഹകരിക്കണമെന്നും അഡ്വ- സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. അഭ്യർത്ഥിച്ചു.

പത്രസമ്മേനത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, പ്രൊഫ എ എം എ റഷീദ്, പ്രൊഫ ആൻസി ജോസഫ് , പ്രൊഫ ബിനോയി സി ജോർജ്ജ്, എം ജി സുജ ടീച്ചർ, വി എം സിറാജ്, റാഷിദ് ഖാൻ ,എം എഫ് അബ്ദുൽ ഖാദർ, പി പി എം നൗഷാദ് എന്നിവർ സംബന്ധിച്ചു.