കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആയ ഇടക്കുന്നം സ്കൂൾ മികച്ച സൗകര്യങ്ങളുള്ള ആധുനിക കെട്ടിടത്തിന്റെ അഭാവത്തിൽ ഏറെ ബുദ്ധിമുട്ടിലായിരുന്നു.

ക്ലാസ് മുറികളും, ലബോറട്ടറി-ലൈബ്രറി സൗകര്യങ്ങളും, ഓഫീസ് സൗകര്യവും വളരെ പരിമിതമായിരുന്നു. നിലവിലുള്ള കെട്ടിടങ്ങൾ പലതും ഏറെ വർഷങ്ങളുടെ പഴക്കമുള്ളതും, ശോച്യാവസ്ഥയിൽ ആയതുമാണ്.
പുതിയ കെട്ടിടം സമുച്ചയം നിർമ്മിക്കുന്നതോടുകൂടി സ്കൂളിന്റെ പരിമിതികൾക്കും, പരാധീനതകൾക്കും പരിഹാരമാകും എന്നും എംഎൽഎ അറിയിച്ചു. പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കെട്ടിട നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.