വൈറ്റില പാലം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാണി സി കാപ്പന്‍ എംഎല്‍എയുടെ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബജറ്റ് അലങ്കോരപ്പെടുത്തല്‍ ചിത്രവും! എന്‍സിപി യുഡിഎഫിലേക്കെന്നു സൂചനയോ?

പാലാ: ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് വി4 കൊച്ചി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലാ എംഎല്‍എ മാണി സി കാപ്പന്റെ പ്രസ് സെക്രട്ടറി രംഗത്ത്.

‘പൊതുമുതല്‍ ഞങ്ങള്‍ നശിപ്പിച്ചാല്‍ പ്രതിഷേധം, നിങ്ങള്‍ നശിപ്പിച്ചാല്‍ കുറ്റകരം’ എന്ന തലക്കെട്ടോടെയാണ് ഇടത് പക്ഷ എംഎല്‍എയുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിന്റെ ഫേസ്ബുക് പോസ്റ്റ്.

Advertisements

എന്‍സിപി എല്‍ഡിഎഫ് വിട്ടേക്കും എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് എബിയുടെ പോസ്റ്റ്. എല്‍ഡിഎഫ് വിടില്ലെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും മാണി സി കാപ്പന്‍ യുഡിഎഫില്‍ ചേരാന്‍ മാനസികമായി തയ്യാറെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം പകരുന്നതാണ് കാപ്പന്റെ കൂടെ എപ്പോളും നിഴല്‍ പോലെ കൂടെയുളള എബിയുടെ കുറിപ്പ്.

മഹാത്മഗാന്ധി ഫൗണ്ടേഷന്‍ എന്ന പാലാ കേന്ദ്രീകരിച്ചുളള സംഘടനയുടെ അധ്യക്ഷനായ എബി, മാണി സി കാപ്പന്‍ എംഎല്‍എ ആയതിന് ശേഷമാണ് അദ്ദേഹത്തോടൊപ്പം പ്രസ് സെക്രട്ടറിയായി കൂടിയത്. കാപ്പന്റെ എല്ലാ പത്ര സമ്മേളനങ്ങളിലും തൊട്ടടുത്ത് സ്ഥിരം സീറ്റ് ഉറപ്പിക്കാറുണ്ട് എബി.

വൈറ്റില മേല്‍പ്പാലം തുറന്ന നടപടിയെ യുഡിഎഫ് കാലത്ത് ഇടത് പക്ഷ എംഎല്‍എമാര്‍ ബജറ്റ് സമ്മേളനം അലങ്കോലമാക്കിയ നടപടിയുമായി താരതമ്യം ചെയ്താണ് എബിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

അന്ന് നിയമസഭ തല്ലിപ്പൊളിച്ചവര്‍ക്ക് എതിരെ എന്ത് നടപടിയെടുത്തു? അവരില്‍ നിന്ന് പിഴ ഈടാക്കിയോ? അവരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചില്ല എന്ന് മാത്രമല്ല കേസില്‍ നിന്ന് ഒഴിവാക്കാനും ഈ സര്‍ക്കാര്‍ ശ്രമിച്ചു എന്ന് എബി വിമര്‍ശിക്കുന്നു.

വി4 കൊച്ചി പ്രവര്‍ത്തകരെ ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്യട്ടെ എന്നാല്‍ സമാന നടപടികള്‍ നടത്തിയ ഇടത് എംഎല്‍എമാര്‍ക്ക് എതിരെയും നടപടിയെടുക്കണം എന്നും എബി ആവശ്യപ്പെടുന്നു.

സംസ്ഥാനം ഭരിക്കുന്ന ഇടത് പക്ഷ എംഎല്‍എയുടെ സ്റ്റാഫില്‍ അംഗമായി ഇരിക്കെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ നടപടി പാലായിലെ ഇടത് പക്ഷ നേതാക്കളിലും പ്രവര്‍ത്തകരിലും ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.

സംസ്ഥാന ഭരണത്തില്‍ പങ്കാളിയായിരുന്നു കൊണ്ട് ഇത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ല എന്ന് അവര്‍ പറയുന്നു. ഒന്നര വര്‍ഷക്കാലം സംസ്ഥാന സര്‍ക്കാരില്‍ പങ്കാളിയായി ഒരു കാര്യത്തിലും വിമര്‍ശനം നടത്താത്തവര്‍ ഇപ്പോള്‍ യുഡിഎഫ് ആരോപണങ്ങള്‍ ഏറ്റ് പിടിക്കുന്നത് പുതിയ മേച്ചില്‍പുറങ്ങള്‍ തേടാനുളള മുന്നോടി ആണോ എന്ന് പാലായിലെ ഇടത് പക്ഷ നേതാക്കള്‍ ചോദിക്കുന്നു.

എബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടേ

പൊതുമുതല്‍ ഞങ്ങള്‍ നശിപ്പിച്ചാല്‍ പ്രതിഷേധം; നിങ്ങള്‍ നശിപ്പിച്ചാല്‍ കുറ്റകരം

കൊച്ചിയില്‍ വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നു വാഹനം കടത്തിവിട്ട സംഭവമായി ബന്ധപ്പെട്ടു വി ഫോര്‍ കേരള എന്ന സംഘടനയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ടു സംഘടനയുടെ നാലു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് തങ്ങളുടെ കാര്യക്ഷമത തെളിയിച്ചിരിക്കുകയാണ്.

ആ സംഘടനയുടെ കോ ഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാനെ അതിസാഹസികമായി വീടുവളഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.

വി ഫോര്‍ കേരള സംഘടനയുടെ നടപടി നിയമത്തിന്റെ കണ്ണിലൂടെ വീക്ഷിച്ചാല്‍ തികച്ചും തെറ്റും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത നടപടിയുമാണെന്നതില്‍ തര്‍ക്കമില്ല. പൊതുമുതല്‍ നോക്കാന്‍ പബ്‌ളിക് സെര്‍വെറ്റുകളെ ( സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ) നാം നിയോഗിച്ചിട്ടുണ്ട്.

അത് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അത് നിര്‍വ്വഹിക്കാന്‍ മറ്റുള്ളവര്‍ക്ക്, പൊതുജനത്തിന് അധികാരവും അവകാശവും ഇല്ലാത്തതും ആണ്. അത്തരം നടപടികള്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നതിനാല്‍ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.

ഇനി, അവരെ ഇക്കാര്യത്തിലേയ്ക്ക് നയിച്ചത് ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുന്ന കൊച്ചിക്കാരുടെ അല്ലെങ്കില്‍ കൊച്ചിയില്‍ എത്തുന്നവരുടെ പ്രതിക്ഷേധമാണ്.

ഈ സംഭവത്തെ വല്ലാതെ പര്‍വ്വതീകരിക്കുകയും സാധാരണ ജനത്തെ ഭീതിപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് പ്രഥമദൃഷ്ടാ മനസ്സിലാക്കാന്‍ സാധിക്കും.

കഴിഞ്ഞ നിയമസഭയുടെ കാലത്ത് നിയമസഭയ്ക്കുള്ളില്‍ അതിക്രമം കാണിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തത് ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ അടക്കമുള്ള ജനപ്രതിനിധികളാണ്.

അവരെ അറസ്റ്റു ചെയ്തു നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല, അവര്‍ക്കെതിരെയുള്ള നടപടി ഒഴിവാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് സര്‍ക്കാരാണെന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ചെല്ലുന്ന സത്യവാചകത്തില്‍ പ്രത്യേക മമതയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന അംഗത്തിന്റെ സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ് ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ളത്.

നാട്ടില്‍ ഇന്നേവരെ നടത്തപ്പെട്ട ബന്ദ്, ഹര്‍ത്താല്‍ എന്നിവയ്ക്കും മറ്റു സമരങ്ങള്‍ക്കുമായി എത്രയോ കോടി രൂപയാണ് നഷ്ടം വന്നിട്ടുള്ളത്? ഇതുമായി ബന്ധപ്പെട്ട് എത്ര പേരെ വീടുവളഞ്ഞ് പോലീസ് പിടിച്ചു? എത്ര രൂപ നഷ്ടപരിഹാരം ഈടാക്കി?

ഞങ്ങള്‍ക്കാകാം നിങ്ങള്‍ക്കു പറ്റില്ല എന്നതാണ് ഇപ്പോഴത്തെ നിലപാട്. കൊച്ചിയില്‍ ചെയ്ത തെറ്റിന് വി ഫോര്‍ കേരളയ്‌ക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കട്ടെ. അതുപോലെ തന്നെ നിലവില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസുള്ളവരെ പിടിച്ച് ജയിലില്‍ അടച്ച് അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കട്ടെ.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരായതിനാല്‍ നടപടിയില്‍ നിന്നും ആരെയും ഒഴിവാക്കരുത്, അത് വി ഫോര്‍ കേരള ആയാലും എം എല്‍ എ ആയാലും ഏതു കൊടികുത്തിയ രാഷ്ടീയക്കാരനായാലും.
അതിനുള്ള ആര്‍ജ്ജവം സര്‍ക്കാരും പൊലീസും കാണിക്കണം.

അതല്ലാതെ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും പോലെ സാധാരണക്കാര്‍ക്കെതിരെ മാത്രം നടപടിയുമായി മുന്നിട്ടിറങ്ങുന്ന നടപടി അനീതിയും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും സ്വജനപക്ഷപാതവുമാണ്. ഇതിനെതിരെ കേരള മന:സാക്ഷി ഉയരുക തന്നെ വേണം.

You May Also Like

Leave a Reply