ആശുപത്രി സന്ദര്‍ശനം അടിയന്തര ഘട്ടങ്ങളില്‍ മാത്രം; ചികിത്സയ്ക്ക് ടെലിഫോണ്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് ചികിത്സ തേടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു.

രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ പോലും തിരക്ക് വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യത്തിന് ഇടയാക്കും. ഡോക്ടറുടെ സേവനത്തിനായി സൗജന്യ ടെലി കണ്‍സള്‍ട്ടേഷന്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം.

7034322777 എന്ന ടെലി കണ്‍സള്‍ട്ടേഷന്‍ നമ്പരില്‍ ഡോക്ടറുമായി നേരില്‍ സംസാരിക്കാം. വാട്‌സാപ്പ് സന്ദേശമയച്ചാല്‍ ഡോക്ടര്‍ തിരികെ വിളിക്കുന്നതാണ്. ഇതിനു പുറമെ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഈസഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനവും പ്രയോജനപ്പെടുത്താം.

https://esanjeevaniopd.in/kerala എന്ന ലിങ്ക് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കാവുന്നതാണ്. ടോക്കണ്‍ എടുക്കുന്നവരെ വിദഗ്ധ ഡോക്ടര്‍മാര്‍ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുന്നതാണ്.

ഡോക്ടര്‍ നല്‍കുന്ന മരുന്നുകളുടെ കുറിപ്പ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. രണ്ടു സേവനങ്ങളിലും രോഗികളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

അടുത്ത ഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം വിപുലീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

Leave a Reply

%d bloggers like this: