കൂട്ടിക്കൽ: 2021 ഒക്ടോബർ 16 ന് ഉണ്ടായ പ്രളയത്തിൽ തകർന്ന വല്ലീറ്റ നടപ്പാലം ഡി വൈ എഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റി പുനർനിർമിച്ചു നാടിനു സമർപ്പിച്ചു. വാഹന ഗതാഗതം സാധ്യമാക്കുന്ന രീതിയിൽ പാലത്തിനും റോഡിനും ആയി 30 ലക്ഷം രൂപ അനുവദിപ്പിച്ചെങ്കിലും സ്വകാര്യ സ്ഥലങ്ങൾ വിട്ടു കിട്ടാത്തതിനാലും സാങ്കേതിക പ്രശ്നങ്ങളാലും പദ്ധതി മുടങ്ങുകയാണ് ഉണ്ടായത്.
പുതിയ സാഹചര്യത്തിൽ അദ്ധ്യായന വർഷം തുടങ്ങുമ്പോൾ കുട്ടികൾക്ക് സ്കൂളിൽ പോകുവാനും രോഗികൾക്കു ആശുപത്രിയിൽ എത്തുവാനും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നെന്നു കണ്ട് ഡി വൈ എഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റി നടപ്പാലം നിർമിക്കുകയായിരുന്നു.
വിവിധ യൂണിറ്റുകൾ ന്യൂസ് പേപ്പർ ചലഞ്ചിലൂടെയും ആക്രി പെറുക്കിയും ആണ് പാലത്തിനുള്ള പണം സമാഹരിച്ചത്. എൺപതിനായിരത്തോളം രൂപ ചിലവാക്കിയാണ് പാലം നിർമിച്ചത്. പാലം ഇന്നലെ വൈകിട്ട് 4 മണിക്ക് ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് ബി സുരേഷ് കുമാർ നാടിനു സമർപ്പിച്ചു.

വയോജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അടക്കം നൂറു കണക്കിന് ആളുകൾക്ക് ഉപകാരപ്പെടുന്നതാണ് നടപ്പാലം. ഉദ്ഘടന സമ്മേളനത്തിന് കൂട്ടിക്കൽ മേഖലാ പ്രസിഡന്റ് സുധീഷ് സുരേഷ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി സുജിത്ത് എം എസ് സ്വാഗതവും മേഖലാ ട്രഷറർ സാദിഖ് നന്ദിയും അറിയിച്ചു.