പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭയിലും, കൂടാതെ,പൂഞ്ഞാർ, പൂഞ്ഞാർതെക്കേക്കര,കൂട്ടിക്കൽ,തിടനാട്,തീക്കോയി,മുണ്ടക്കയം,കോരുത്തോട്,പാറത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളിലുമായി 75000 ൽ പരം വീടുകളിൽ ഹൗസ് കണക്ഷൻ വഴി ശുദ്ധജലം എത്തിക്കുന്നതിന് 1000 കോടിയോളം രൂപ അടങ്കൽ തുകയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
സംസ്ഥാന ജലവിഭവ വകുപ്പിന് കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ കോട്ടയം ജില്ലയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലാണ് ജലജീവൻ മിഷനിലൂടെ ഏറ്റവും അധികം തുക അനുവദിക്കപ്പെട്ടിരിക്കുന്നത്.
ഇതിൽ ഈരാറ്റുപേട്ട നഗരസഭയിലും, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, തീക്കോയി എന്നീ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ഇടുക്കി ജില്ലയിലെ മലങ്കര ഡാമിൽ നിന്നും വെള്ളം ശേഖരിച്ച് ഡാമിന് സമീപം മുട്ടം വില്ലേജിലെ മാത്തപ്പാറ ഭാഗത്ത് ഫ്ലോട്ടിംഗ് പമ്പ് ഹൗസ് സ്ഥാപിച്ച് ഡാമിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുട്ടം വില്ലേജിൽ തന്നെ വള്ളിപ്പാറയ്ക്ക് സമീപം ബൂസ്റ്റിംഗ് പമ്പ് ഹൌസ് നിർമ്മിച്ച് കടനാട് പഞ്ചായത്തിലെ നീലൂരിൽ ഒരേക്കർ സ്ഥലത്ത് 98 കോടി രൂപ വിനിയോഗിച്ച് സ്ഥാപിക്കുന്ന ജലശുദ്ധീകരണ പ്ലാന്റിൽ ശുദ്ധീകരിക്കും. ഇതിനായി 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റാണ് നീലൂരിൽ നിർമ്മിക്കുക.
ഈ ശുദ്ധീകരണ ശാലയിൽ നിന്നും 700 എം.എം DI പൈപ്പ് 19 കിലോമീറ്റർ നീളത്തിൽ സ്ഥാപിച്ച് പൂഞ്ഞാറിലെ വെട്ടിപ്പറമ്പിൽ 30 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന 24 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്കിലെത്തിച്ചാണ് പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, തീക്കോയി, എന്നീ പഞ്ചായത്തുകളിലും, ഈരാറ്റുപേട്ട നഗരസഭയിലും ശുദ്ധജലമെത്തിക്കുക. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ എരുമേലി ഗ്രാമപഞ്ചായത്തിൽ പെരുന്തേനരുവിയിൽ പമ്പയാറ്റിൽ നിർമ്മിച്ചിട്ടുള്ള പമ്പ് ഹൗസ് മുഖേന വെള്ളം പമ്പ് ചെയ്ത് എത്തിക്കുകയാണ്.
എരുമേലി ഗ്രാമപഞ്ചായത്തിൽ മുമ്പ് തന്നെ പദ്ധതി ആരംഭിച്ചിരുന്നതിനാൽ നിലവിൽ പൈപ്പുകൾ സ്ഥാപിക്കലും കണക്ഷൻ നൽകലും നടന്നുവരികയാണ്. മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകൾക്കായി മണിമലയാറ്റിൽ വെള്ളനാടി ഭാഗത്ത് മൂരിക്കയത്ത് ചെക്ക് ഡാം നിർമ്മിച്ച് അവിടെ നിന്നും ജലം സംഭരിച്ച് വെള്ളനാടി എസ്റ്റേറ്റ് ഭാഗത്ത് 17 കോടി രൂപ വിനിയോഗിച്ച് സ്ഥാപിക്കുന്ന 9 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ശുദ്ധീകരിച്ച്, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ ജലവിതരണം നടത്തും.
പാറത്തോട് ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിനും പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തേക്കും വെള്ളമെത്തിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി മണിമലയാറ്റിലെ വലിയകയത്തിൽ നിന്നും വെള്ളം ശേഖരിച്ച് നിലവിലുള്ള പമ്പ് ഹൗസ് കൂടുതൽ വിപുലീകരിച്ച് ജലം പമ്പ് ചെയ്ത് പാറത്തോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിക്കും.
ഈരാറ്റുപേട്ട നഗരസഭയിൽ നിലവിൽ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള റൂറൽ വാട്ടർ സപ്ലൈ സ്കീം (RWSS) പദ്ധതികൾ വിപുലീകരിക്കുകയും കൂടാതെ, അമൃത് പദ്ധതിയിൽപ്പെടുത്തി മലങ്കരയിൽ നിന്ന് എത്തിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ഈരാറ്റുപേട്ട നഗരസഭയിലും വിതരണം നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിലേക്കായി അമൃത് പദ്ധതിയിൽ പ്രാഥമികമായി 9 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.

കൂടാതെ ജലജീവൻ മിഷന്റെ അർബൻ മിഷൻ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ്പിലാക്കും. ഈരാറ്റുപേട്ട നഗരസഭയിൽ 8615 വീടുകൾക്കാണ് ശുദ്ധജല കണക്ഷൻ നൽകേണ്ടത്. ജലജീവൻ മിഷന്റെ റൂറൽ മിഷൻ വഴി നിയോജകമണ്ഡലത്തിലെ 67927 വീടുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
നിലവിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രകാരം പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 4304 വീടുകൾക്കും, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 4656 വീടുകൾക്കും, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 16544 വീടുകൾക്കും,എരുമേലി ഗ്രാമപഞ്ചായത്തിലെ മുൻപ് കണക്ഷൻ നൽകിയത് കൂടാതെ 13790 വീടുകൾക്കുമാണ് കണക്ഷൻ നൽകുക.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ 5325 വീടുകൾക്കും , പാറത്തോട് ഗ്രാമപഞ്ചായത്തിൽ 9624 വീടുകൾക്കും , തീക്കോയി ഗ്രാമപഞ്ചായത്തിൽ 4335 വീടുകൾക്കും , തിടനാട് ഗ്രാമപഞ്ചായത്തിൽ 6093 വീടുകൾക്കും , കോരുത്തോട് ഗ്രാമപഞ്ചായത്തിൽ 3256 വീടുകൾക്കുമാണ് പദ്ധതിയിലൂടെ കണക്ഷൻ ലഭിക്കുക. തിടനാട് ഗ്രാമപഞ്ചായത്തിൽ 112 കോടിയും, പൂഞ്ഞാറിൽ 87 കോടിയും , പൂഞ്ഞാർ തെക്കേക്കരയിൽ 100 കോടിയും, തീക്കോയിൽ 98 കോടിയും, കൂട്ടിക്കലിൽ 149 കോടിയുമാണ് പദ്ധതിക്കായി വകയിരുത്തി ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകൾക്കായി 250 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാറത്തോട് പഞ്ചായത്തിനായി 65 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. എരുമേലി പഞ്ചായത്തിനായി മുൻപ് ചിലവഴിക്കപ്പെട്ട നൂറുകോടി രൂപ കൂടാതെ 130 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പദ്ധതിക്കായി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ 84 സ്ഥലങ്ങളിലായി 5 ഏക്കർ 79 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ സ്ഥലങ്ങളെല്ലാം കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളാണ് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത്. പലയിടത്തും സ്ഥലം സൗജന്യമായി ലഭ്യമായിട്ടുണ്ട്. ചില ഭാഗങ്ങളിൽ റവന്യൂ, പഞ്ചായത്ത് ഭൂമികൾ ലഭ്യമാണ്. പലയിടത്തും സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. മറ്റിടങ്ങളിൽ സ്ഥലം ഏറ്റെടുപ്പു നടപടികൾ ത്വരിതഗതിയിൽ നടന്നുവരികയാണ്.
2024 പദ്ധതി പൂർത്തീകരിച്ച് കമ്മീഷൻ ചെയ്ത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി 2023 ൽ തന്നെ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ എരുമേലിയിൽ കുടിവെള്ള പദ്ധതി പൂർത്തീകരിക്കും.
വിപുലമായ ഈ കുടിവെള്ള പദ്ധതിക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുൻകൈയെടുത്താണ് മലങ്കര ഡാമിൽ നിന്നും ജലം എത്തിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളത്.