ഡി.എല്‍.എഡ്. പരീക്ഷയില്‍ അനിശ്ചിതത്വം വീണ്ടും ബാക്കി; ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ വിദ്യാര്‍ഥികള്‍

കോട്ടയം: പ്രൈമറിതല അധ്യാപക കോഴ്‌സായ ഡി.എല്‍.എഡ് (Diploma in Elementry Education) ന്റെ പരീക്ഷ എന്നു നടക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടക്കേണ്ട പരീക്ഷയുടെ തീയതി രണ്ടു തവണ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് ഭീഷണി മൂലം മാറ്റി.

സ്ഥിതി വഷളായ സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ നടത്താന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ എസ്എസ്എല്‍സി, എച്ച്എസ്ഇ, കേരള എന്‍ട്രന്‍സ് തുടങ്ങിയവ നടത്തിയിട്ടും 7000-ല്‍ താഴെ വിദ്യാര്‍ത്ഥികളുള്ള ഡി.എല്‍.എഡ്. പരീക്ഷയോട് മാത്രം നടത്താത്തത് എന്തുകൊണ്ടാണെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.

ഫൈനല്‍ പരീക്ഷ കഴിയാത്തതിനാല്‍ ടി.സി. വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സിലോ പ്രവേശനം നേടാനോ, അധ്യാപക യോഗ്യത പരീക്ഷയായ കെ ടെറ്റ് പാസായവര്‍ക്ക് അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനോ സാധിക്കില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

മിക്ക കോളേജുകളിലേയും ബിരുദ പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഡി.എല്‍.എഡ് പരീക്ഷയുടെ കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ പങ്കുവെയ്ക്കുന്നു. സര്‍ക്കാര്‍ ഇവരുടെ കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനം എത്രയും വേഗം എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

%d bloggers like this: