തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി.രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ പാടില്ലെന്നാണ് പോലീസിന്റെ നിർദേശം.
പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്ക് ഇതുസംബന്ധിച്ച നോട്ടീസും നൽകും.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഈ പാർട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ ശ്രമം.അടുത്തിടെ പൂവാറിലെ റിസോർട്ടിൽ ഡി.ജെ. പാർട്ടിക്കിടെ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19