vakakkad

ആ വെള്ളമെല്ലാം എവിടെപ്പോയി

വാകക്കാട്: മഴക്കാലത്ത് വളരെയധികം തവണ കരകവിഞ്ഞൊഴുകി പ്രളയം ഉണ്ടായ മീനച്ചിൽ നദിയുടെ വാകക്കാട് ഭാഗം ഇന്ന് പൂർണ്ണമായും വറ്റി വരണ്ട് കിടക്കുന്നു. ലോക ജലദിനത്തിൽ വാകക്കാട് സെൻ്റ്. അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികൾ വറ്റിവരണ്ടു കിടക്കുന്ന മീനച്ചിലാറിന്റെ മടിത്തട്ടിൽ ഇരുന്ന് ജല സംരക്ഷണത്തെക്കുറിച്ച് ചർച്ച നടത്തി.

നദികളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താതെ ശാസ്ത്രീയമായ സംരക്ഷണം കൊടുക്കുകയും ശാസ്ത്രീയമായ മാലിന്യ സംസ്കരണം വഴി പുഴകൾ മലിനമാക്കപ്പെടാതിരിക്കുകയും ചെയ്യുകയാണ് എങ്കിൽ നമ്മുക്ക് ഇന്നും ഈ നദിയിൽ നിന്ന് വെള്ളം കിട്ടുമായിരുന്നില്ലേ എന്ന് കുട്ടികൾ.

വനങ്ങളും മലകളും നശിപ്പിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ ഇന്ന് നദികളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി തീർന്നിരിക്കുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ശരിയായി ഭൂവിനിയോഗം നടത്തുകയും മലിനീകരണം തടയുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ നദികൾ കൂടുതൽ കാലം ജലസ്രോതസ്സ് ആയി നിലനിൽക്കും എന്ന് കുട്ടികൾ ചർച്ചയിൽ പറഞ്ഞു.

ഒരോ സ്ഥലത്തെയും കുളങ്ങൾ പുഴകൾ തോടുകൾ നദികൾ തുടങ്ങിയ ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ ആ പ്രദേശത്തെ ജനങ്ങൾ തന്നെ മുൻകൈയെടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ ശരിയായ രീതിയിലുള്ള സംരക്ഷണം നടക്കപ്പെടുകയുള്ളൂ എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

കൂടാതെ കുട്ടികൾ പുഴയെ അറിയാനും സ്നേഹിക്കാനും പുഴക്കുവേണ്ടി നിലകൊള്ളാനും തയ്യാറായി മുന്നോട്ടുവന്നാൽ നമ്മുടെ നദികൾ സംരക്ഷിക്കപ്പെടും എന്നും ഇതിനായി കുട്ടികളെ ബോധവൽക്കരിക്കുമെന്നും നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റിലെ കുട്ടികൾ പറഞ്ഞു. ചെക്ക് ഡാമുകളുടെ നിർമ്മാണം ശാസ്ത്രീയമായതും ആവശ്യം കണക്കിലെടുത്തും ആയിരിക്കേണ്ടതാണ് എന്നും കുട്ടികൾ ഓർമ്മിപ്പിച്ചു. നദിയിൽ നിന്ന് കുട്ടികൾ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു.

പരിപാടികൾ നദീസംരക്ഷണ സമിതി, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് നടത്തിയത്.

Leave a Reply

Your email address will not be published.