രാമപുരം : അധികൃതരുടെ നിസ്സംഗതയിൽ അപകടം തുടർക്കഥയാവുന്നു. പാലാ – കൂത്താട്ടുകുളം റോഡിൽ രാമപുരം പോലീസ് സ്റ്റേഷന് സമീപം ടാർ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ആയിരക്കണക്കിന് വാഹന ഡ്രൈവർമാർക്ക് വലിയ ഭീഷണി നേരിടുകയാണ്.
രാമപുരം ജംഗ്ഷൻ മുതൽ അമ്പലം കവല വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ പല സ്ഥലങ്ങളിലുമായി ഒരടിയോളം താഴ്ചയിൽ വലിയ കുഴികളാണ്. ടൂ വീലർ യാത്രികർ ഈ കുഴികളിൽ വീണ് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതും നിത്യസംഭവമാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നും ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കുഴികൾ കണ്ട് പെട്ടെന്ന് ബ്രേക്കിടുകയും പുറകിൽ നിന്നു വരുന്ന വാഹനം ബ്രേക്കിട്ട വാഹനത്തിൽ ഇടിച്ച് പല തവണ അപകടം സംഭവിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.
മണ്ഡലകാലം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതുവരെയായിട്ടും അപകട കുഴികൾ നികത്താത്തത് അധികൃതരുടെ അനാസ്ഥ തന്നെയാണെന്നാണ് ജനങ്ങളുടെ ആക്ഷേപം. മണ്ഡല കാലം തുടങ്ങുന്നതോടുകൂടി പതിനായിരക്കണക്കിന് വാഹനങ്ങളാകും ഈ റാേഡിലൂടെ ദിനംപ്രതി സഞ്ചരിക്കുന്നത്. ഇത് അപകടങ്ങൾ കൂടുതൽ വർദ്ധിക്കുവാൻ സാധ്യതയേറെയാണ്.
എത്രയും വേഗം റോഡിലെ കുഴികൾ നികത്തി അപകടം ഒഴിവാക്കണമെന്ന് എൻ സി പി രാമപുരം മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് മണ്ഡലം കമ്മിറ്റി വകുപ്പുമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം.ആർ. രാജു യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജോഷി ഏറത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ. വിജയകുമാർ, ജോണി കെ.എ, സജി കെ. അലക്സ്, മനോഹരൻ മുതുവല്ലൂർ, ബേബി കാഞ്ഞിരപ്പാറ, അബ്രാഹം പുളിമറ്റത്തിൽ എന്നിവർ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19