Main News

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ്; പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന സുരേഷും, പി സി ജോര്‍ജുമാണ് കേസിലെ പ്രതികള്‍. കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. 

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീൽ നൽകിയ പരാതിയിലാണ് സ്വപ്ന സുരേഷിനും, പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിക്കെതിരെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും, പി സി ജോർജും, ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതായാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.

പി സി ജോർജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്നയുടെ ,തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി.

മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെട്ടെന്നാണ് സരിത നൽകിയ മൊഴി. ജോർജും, സ്വപ്നയും, ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും, ഈരാറ്റുപേട്ടയിലെ ജോർജിന്‍റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പും അന്വേഷണ സംഘത്തിന് സരിത കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published.