പാലായുടെ ചെയര്‍മാന്‍ ആരാകും? കേരള കോണ്‍ഗ്രസ് നീക്കത്തിനെതിരെ കര്‍ക്കശ നിലപാടുമായി സിപിഎം രംഗത്ത്

പാലാ: ആരാകും പാലായുടെ അടുത്ത ചെയര്‍മാന്‍? ഏകപക്ഷീയമായ തീരുമാനവുമായി ജോസ് കെ മാണി വിഭാഗത്തിലെ ചില കൗണ്‍സിലര്‍മാര്‍ മുന്നോട്ടു പോകുന്നതിനെതിരെ കര്‍ക്കശ നിലപാടുമായി സിപിഎം രംഗത്ത്.

അഡ്വ. ബിനു പുളിക്കക്കണ്ടത്തിനെ ചെയര്‍മാനാക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു. പാലാ നഗരസഭയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ ജയിച്ചയാളാണ് ബിനു പുളിക്കക്കണ്ടം. രാഷ്ട്രീയത്തിനതീതമായി വന്‍ ജനപിന്തുണയുള്ള നേതാവു കൂടെയാണ് ബിനു പുളിക്കക്കണ്ടം.

Advertisements

അതേ സമയം, എല്ലാ വര്‍ഷവും ചെയര്‍മാന്‍മാരെ മാറ്റുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. പകരം രണ്ടു പേര്‍ക്കു ചെയര്‍മാന്‍ സ്ഥാനം നല്‍കിയാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്.

ആദ്യ ടേം എടുക്കുന്ന കക്ഷിക്ക് രണ്ടു വര്‍ഷവും രണ്ടാം ടേം എടുക്കുന്ന കക്ഷിക്ക് മൂന്നു വര്‍ഷവും പദവി കൊടുക്കണം എന്നാണ് സിപിഎമ്മിന്റെ നിര്‍ദ്ദേശം. ബിനുവിനെ ആദ്യ ടേമില്‍ ചെയര്‍മാനാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.

ഇതു സംബന്ധിച്ച ഏരിയാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് ജില്ലാ കമ്മിറ്റിയില്‍ നിന്നാണ്.

ഇതിനിടെ കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര അഞ്ചു വര്‍ഷവും ചെയര്‍മാനാകുമെന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതും സിപിഎമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

സിപിഎമ്മിന് ഒരു ടേം പോലും ചെയര്‍മാന്‍ സ്ഥാനം നല്‍കാതെ നഗരഭരണം എളുപ്പത്തില്‍ നടത്താമെന്നത് ജോസ് വിഭാഗത്തിന്റെ വ്യാമോഹം മാത്രമാണെന്ന് സിപിഎമ്മിന്റെ ഒരു ഉന്നത നേതാവ് പ്രതികരിച്ചു.

അതേ സമയം, ആന്റോ ജോസ് അഞ്ചുവര്‍ഷവും ചെയര്‍മാന്‍ ആകുമെന്ന പ്രചരണത്തിന് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

കേരള കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന കൗണ്‍സിലറായ ഷാജു തുരുത്തന്‍, മാര്‍ക്കറ്റ് വാര്‍ഡില്‍ നിന്നും വിജയിച്ച വ്യാപാരി പ്രമുഖന്‍ കൂടിയായ തോമസ് പീറ്റര്‍ എന്നിവരും ചെയര്‍മാന്‍ സ്ഥാനത്തിന് അവകാശ വാദവുമായി രംഗത്തുണ്ട്.

ഷാജു തുരുത്തന്റെ പത്‌നിയും മുന്‍ നഗരസഭാധ്യക്ഷയുമായ ബെറ്റി ഷാജു മത്സര രംഗത്ത് നിന്നും മാറി നിന്നതു തന്നെ അദ്ദേഹം ചെയര്‍മാനാകും എന്ന ഉറപ്പിന്മേല്‍ ആണെന്നും അവരോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടി കൗണ്‍സിലര്‍മാരില്‍ ഒരു പക്ഷം തോമസ് പീറ്ററിനു വേണ്ടിയും ശക്തമായ നിലപാട് എടുക്കുന്നു.

വനിതാസംവരണം ആയ മുന്‍ ഭരണസമിതിയില്‍ നാലുപേരാണ് അധ്യക്ഷ പദവി വീതം വെച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത്തവണയും സ്ഥിതി വ്യത്യസ്തമാകുമെന്ന് തോന്നുന്നില്ല.

You May Also Like

Leave a Reply