കോവിഡിന്റെ ആരംഭം മുതല്‍ നാം കാത്തിരുന്ന നിമിഷമാണ് ഈ മാസം എത്താന്‍ പോകുന്നത്. ശാസ്ത്രത്തിനു മാത്രമേ മനുഷ്യന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ എന്തെങ്കിലും പരിഹാരം കണ്ടെത്താന്‍ സാധിക്കൂ എന്ന ബോധം എല്ലാവര്ക്കും ഉണ്ടായ കാലമായിരുന്നു ഇത്.
അദ്ഭുതാവഹമായ വേഗത്തില്‍, നിരവധി വാക്സിനുകള്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞകാലം കൊണ്ട് നാം വികസിപ്പിക്കുകയും പരിശോധനകള്‍ക്കു വിധേയമാക്കുകയും ചെയ്തു. ഇവയില്‍ ചിലതെങ്കിലും ഈ മാസം തന്നെ ഇന്ത്യയില്‍ വിതരണം ചെയ്യപ്പെട്ടു തുടങ്ങുമെന്നാണ് പ്രതീക്ഷ.
അമേരിക്കയിലെ Duke University-യുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിന് ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്ന രാജ്യം ഇന്ത്യയാണ്. നിലവില്‍ 1.6 ബില്യണ്‍ ഡോസുകള്‍. രണ്ടാം സ്ഥാനത്തുള്ള യൂറോപ്പ്യന്‍ യൂണിയന് 1.43 ബില്യണ്‍ ഡോസുകളും മൂന്നാമതുള്ള USA 1.01 ബില്യണ്‍ യൂണിറ്റുകളുമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആയിരിക്കും നല്കിതുടങ്ങുക എങ്കിലും അധികം വൈകാതെ പൊതുജനങ്ങള്‍ക്കും ലഭ്യമായി തുടങ്ങും. വാക്സിന് വിതരണത്തിന്റെ ഡ്രൈ റണ്‍ ( വാക്സിന് വിതരണം ചെയ്യാനുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന പരിപാടി) ജനുവരി രണ്ടാം തിയ്യതി വിജയകരമായി നടന്നുകഴിഞ്ഞു.
മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ചുള്ള Central Drugs Standard Control Organization (CDSCO) ലെ വിദഗ്ധസമിതി ഓക്സ്ഫഡ് വാക്സിന് അംഗീകാരത്തിനു വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓക്സ്ഫഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ ഡ്രഗ് കണ്ട്രോളര് ജനറലിന്റെ ഓഫീസ് അംഗീകാരം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ വിതരണം ചെയ്യപ്പെടാന്‍ ഇടയുള്ള വാക്സിനുകളും അവയുടെ പ്രവര്‍ത്തന ക്ഷമതയും പാര്‍ശ്വഫലങ്ങളും അറിഞ്ഞിരിക്കാം.
- ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി / ആസ്ട്രസെനെക്ക വാക്സിന്
വൈദ്യശാസ്ത്രലോകം കോവിഡ് വ്യാപനത്തിന്റെ ആദ്യകാലം മുതലേ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിട്യൂട്ടും ആസ്ട്രസെനക്ക എന്ന കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന AZD1222 എന്ന വാക്സിന്.
കോവിഷീല്‍ഡ് എന്ന പേരിലാണ് ഈ വാക്സിന് ഇന്ത്യയില്‍ വില്ക്കാന് ഉദ്ദേശിക്കുന്നത്. ഒരു ഡോസിന് ശരാശരി 250 രൂപ നിരക്കില്‍ 10 കോടി ഡോസുകള്‍ ആദ്യഘട്ടത്തില്‍ വാങ്ങാനാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. ഏതാണ്ട് പത്തു ദിവസത്തിനുള്ളില്‍ത്തന്നെ വാക്സിന് വിതരണം തുടങ്ങിയേക്കും.
ഇത് ഒരുതരം ‘വൈറല്‍ വെക്റ്റര്‍’ വാക്സിനാണ്. താരതമ്യേന നിരുപദ്രവകാരിയായ ഒരു വൈറസിന്റെ (ഇവിടെ അഡിനോവൈറസ്) ജനിതക പദാര്‍ത്ഥത്തിലേക്ക് വാക്സിന് ഉണ്ടാക്കേണ്ട വൈറസിന്റെ (ഇവിടെ കോവിഡ് വൈറസ്) ജനിതക പദാര്‍ത്ഥം ജനറ്റിക് എഞ്ചിനീയറിംഗ് വഴി കൂട്ടിച്ചേര്‍ത്ത്, ആ വൈറസിനെ ജീവനോടെ വാക്സിനില്‍ ഉപയോഗിക്കുന്നതാണ് ‘വൈറസ് വെക്റ്റര്‍ വാക്സിന്’.
ജീവനുള്ള വൈറസിനെ തന്നെ വാക്സിനില്‍ ഉപയോഗിക്കുന്നതിനാല്‍ ആന്റിബോഡി നിര്‍മ്മാണത്തിന്റെ കാര്യക്ഷമതയില്‍ കില്‍ഡ് വാക്സിനെക്കാളും സബ് യൂണിറ്റ് വാക്സിനെക്കാളും വളരെ ഗുണപ്രദമാണ് ഇത്തരം വാക്സിനുകള്‍.
പക്ഷേ നിരുപദ്രവകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുക എന്നതാണ് ഇത്തരം വാക്സിന് നിര്‍മ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുന്‍പ് എബോളക്കെതിരെ ഇത്തരമൊരു വാക്സിന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.
ചിമ്പാന്സികളില് ജലദോഷം പോലൊരു നിസാര രോഗമുണ്ടാക്കുന്ന ഒരുതരം അഡിനോ വൈറസിനെയാണ് ഓക്സ്ഫോഡ് വാക്സിനില്‍ വെക്റ്ററായി ഉപയോഗിച്ചിരിക്കുന്നത്. ഈ വൈറസിനെ ഉപയോഗിച്ച് കൊറോണ വൈറസിന്റെ പ്രധാന ആന്റിജനായ സ്പൈക്ക് പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജനിതക പദാര്‍ഥത്തെ മനുഷ്യ ശരീരത്തില്‍ എത്തിക്കുന്നു.
ശരീരം സ്പൈക്ക് പ്രോട്ടീനെതിരെ ആന്റിബോഡി ഉല്പാദിപ്പിക്കുമ്പോള് നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കുന്നു.
ആഗസ്റ്റില്‍ മുപ്പതിനായിരം പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് അവസാനഘട്ട പഠനം ആരംഭിച്ച ഈ വാക്സിന്റെ പരീക്ഷണം ഒക്ടോബറില്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നിരുന്നു. യുകെയില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായി എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ പരീക്ഷണം തുടരുന്നത് സുരക്ഷിതമാണ് എന്നു വിശദമായ പരിശോധനകള്‍ക്കു ശേഷം തെളിഞ്ഞതു കൊണ്ട് ക്ലിനിക്കല്‍ ട്രയല്‍ പുനരാരംഭിച്ചിരുന്നു.
വാക്സിന് പഠനത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ബ്രസീലിലെ 28 വയസ്സുള്ള ഒരു ഡോക്ടര്‍ നിര്‍ഭാഗ്യവശാല്‍ കോവിഡ് രോഗത്തിന്റെ സങ്കീര്‍ണതകള്‍ കാരണം ഒക്ടോബര്‍ 15ന് മരിച്ചത് ചില സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങളും ഇടയാക്കിയിരുന്നു.
എന്നാല്‍ വിശദമായ പരിശോധനയില്‍ ഇദ്ദേഹത്തിന് പ്ലാസിബോ ആണ് ലഭിച്ചത് എന്നു കണ്ടെത്തിയിരുന്നു ( വാക്സിന്റെ ഫലം അറിയാന്‍ പരീക്ഷണം നടത്തുന്ന നിശ്ചിത ശതമാനം ആളുകള്‍ക്ക് പ്ലാസിബോ ആണ് നല്‍കുന്നത്. ഇതില്‍ മരുന്ന് ഉണ്ടാവുകയില്ല. ബാക്കി ആളുകള്‍ക്ക് വാക്സിന് നല്‍കുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ രണ്ടു കൂട്ടരും നേടിയ രോഗപ്രതിരോധശേഷി താരതമ്യം ചെയ്താണ് വാക്സിന് എത്ര ഫലം ഉണ്ട് എന്ന് അറിയുന്നത്)
വിവിധ ഡോസുകള്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ ഈ വാക്സിന് പഠന വിധേയമായിട്ടുണ്ട്. വിവിധ പഠനങ്ങളില്‍ 62 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് രോഗപ്രതിരോധശേഷി ലഭിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്.
കുറഞ്ഞ ഡോസില്‍ വാക്സിന് നല്‍കുമ്പോഴാണ് കൂടുതല്‍ രോഗപ്രതിരോധശേഷി ലഭിക്കുന്നത് എന്നും കണ്ടെത്തി. ഡിസംബര്‍ എട്ടിന് ഈ പഠനങ്ങളുടെയെല്ലാം ഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരുന്നു. പഠനത്തില്‍ പങ്കെടുത്ത ഒരാള്‍ക്കു മാത്രമാണ് ഗുരുതരമായ നാഡീ പ്രശ്നം (ട്രാന്സ്വേഴ്സ് മയലൈറ്റിസ്) ഉണ്ടായത് എന്നാണു കണ്ടത്.
വാക്സിന് ലഭിക്കാത്ത കണ്ട്രോള് ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്സിന് ലഭിച്ച ആളുകളില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തിയില്ല.
ലോകമെമ്പാടും വിതരണത്തിന് തയ്യാറായിരിക്കുന്ന ഈ വാക്സിന് നിലവില്‍ 20 കോടി ഡോസുകള്‍ നിര്‍മ്മിച്ചു സ്റ്റോക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണുള്ളത്. ഇതില്‍ അഞ്ചുകോടി ഇന്ത്യക്ക് വേണ്ടി മാത്രം നിര്‍മ്മിച്ചതാണ്.
ഓരോ മാസവും 10 മുതല്‍ 20 വരെ കോടി അധിക ഡോസുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും ഇപ്പോഴുണ്ട്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നൂറുകോടി വാക്സിന് വിതരണം ചെയ്യാനുള്ള നിര്‍മ്മാണ കരാര്‍ ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ആസ്ട്രസെനെക ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവുമധികം വാക്സിനുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു സ്വകാര്യ കമ്പനിയാണ്. തുടക്കത്തില്‍ ഒരു ഡോസിന് 1000 രൂപ ചെലവ് വരുമെന്നു പറഞ്ഞിരുന്നെങ്കിലും നിലവില്‍ ഡോസിന് 250 രൂപ നിരക്കില്‍ 5 കോടി ഡോസ് കരാര്‍ ആക്കിയിട്ടുണ്ട് എന്നാണ് വിവരം.
ഭാവിയില്‍ വില ഇതിലും കുറയും എന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട്, സര്‍ക്കാര്‍ വാക്സിന് സൗജന്യമായി എല്ലാവര്ക്കും നല്കാന് തയ്യാറായില്ലെങ്കില്പോലും കോവിഷീല്‍ഡ് വാക്സിന് ജനങ്ങള്‍ക്കു വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കാന്‍ ഇടയില്ല.
ഈ വാക്സിന്റെ മറ്റൊരു പ്രത്യേകത ഇത് സൂക്ഷിക്കാന്‍ അധികം തണുത്ത താപനില ആവശ്യമില്ല എന്നതാണ്. സാധാരണ റഫ്രിജറേറ്ററുകളുടെ താപനിലയായ 2 മുതല്‍ 8 വരെ ഡിഗ്രി സെല്‍ഷ്യസില്‍ കേടുകൂടാതെ ഈ വാക്സിന് സൂക്ഷിക്കാന്‍ കഴിയും.
അതിനാല്‍ എളുപ്പത്തില്‍ പലസ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും ചെറിയ ക്ലിനിക്കുകളില്‍ വച്ചുപോലും വിതരണം ചെയ്യുന്നതിനും സാധിക്കും എന്നത് വലിയ മേന്മയാണ്. തൊണ്ണൂറു ശതമാനം രോഗപ്രതിരോധം ലഭിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്.
2. റഷ്യൻ സ്പുട്നിക്-V വാക്സിൻ
ഇടക്കാലത്തു വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു റഷ്യയുടെ ടുൗിേശസഢ എന്ന വാക്സിന്. ഇതും ഓക്സ്ഫോഡ് വാക്സിന് പോലെ ഒരു വൈറല്‍ വെക്റ്റര്‍ വാക്സിനാണ്. ഹ്യൂമന്‍ അഡിനോ വൈറസാണ് വെക്റ്റര്‍.
Gameliya Research Institute വികസിപ്പിച്ച ഈ വാക്സിന് 92 ശതമാനം കാര്യക്ഷമത ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. വെറും രണ്ട് മാസം മാത്രം ടെസ്റ്റ് നടത്തി റഷ്യയില്‍ വിതരണം ചെയ്യാന്‍ അനുമതി നേടി എന്ന പശ്ചാത്തലത്തില്‍ ലോകമാസകലം ഇതു വിമര്‍ശനത്തിന് വിധേയമായിരുന്നു.
ഇതിന്റെ മൂന്നാംഘട്ട ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടുമില്ല. മൂന്നാംഘട്ട ട്രയലിന്റെ പഠനഫലങ്ങള്‍ എല്ലാം പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര നിയന്ത്രണ ഏജന്‍സികള്‍ അവ പരിശോധിച്ച് അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ ഈ വാക്സിന് വ്യാപകമായി വിതരണം ചെയ്യാനാകൂ.
നാല്‍പ്പതിനായിരം സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കൊണ്ട് നടക്കുന്ന മൂന്നാംഘട്ട ട്രയല്‍ പൂര്‍ത്തിയാകണമെങ്കില്‍ 2021 മെയ് മാസം ആകുമെന്ന് കരുതപ്പെടുന്നു.
രണ്ടുതരം അഡിനോ വൈറസുകളെ വെക്റ്റര്‍ ആയി ഉപയോഗിച്ചുകൊണ്ടുള്ള വാക്സിനാണ് സ്പുട്നിക്. ഇവ രണ്ടും 21 ദിവസത്തെ ഇടവേളയില്‍ തോളത്ത് വെക്കുന്ന ഇഞ്ചക്ഷന് ആയി നല്കുന്നു.
മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ട പൊടി രൂപത്തിലാണ് നിലവില്‍ വാക്സിന് നിര്‍മ്മിക്കുന്നത്. കൂടുതല്‍ എളുപ്പത്തില്‍ സൂക്ഷിക്കാവുന്നതും ട്രാന്‍സ്പോര്‍ട്ട് ചെയ്യാവുന്നതുമായ മറ്റൊരു രൂപം വികസിപ്പിച്ചിട്ടുണ്ട് എങ്കിലും ഇതിന് കൂടുതല്‍ സമയവും ചെലവും ആവശ്യമാണ്.
റഷ്യയില്‍ തന്നെ ഈ വാക്സിന് വിതരണം പൂര്‍ത്തിയാകുന്നതിന് ഒമ്പത് മുതല്‍ 12 വരെ മാസമെങ്കിലും കാലമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ തുടക്കത്തോടെ തന്നെ റഷ്യയില്‍ ഒരു ലക്ഷം പേര്‍ക്കെങ്കിലും വാക്സിന് വിതരണം ചെയ്തതായി അവരുടെ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി മാസാവസാനത്തോടെ റഷ്യയില്‍ മുക്കാല്‍ കോടി ഡോസുകളെങ്കിലും ലഭ്യമാക്കുമെന്നാണ് റഷ്യന്‍ ഉപപ്രധാനമന്ത്രി അവകാശപ്പെടുന്നത്.
നിലവില്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി 120 കോടി ഡോസിനുള്ള ഓര്‍ഡര്‍ റഷ്യയ്ക്ക് ലഭിച്ചുകഴിഞ്ഞു. ഇതില്‍ 10 കോടി ഡോസ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് ഇന്ത്യയാണ്. ഒരു ഡോസ് വാക്സിന് ഏതാണ്ട് 700 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ വിലവരും എന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തായാലും വിവിധ ഘട്ടങ്ങളിലൂടെ കടന്ന് വാക്സിന് അംഗീകാരം ലഭിച്ചാല്‍ മാത്രമേ വിതരണം സാധ്യമാകൂ. ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലാബുമായി ചേര്‍ന്ന് ഈ വാക്സിന്റെ പരീക്ഷണം നിലവില്‍ നടക്കുന്നുണ്ട്.
- നോവാവാക്സ് വാക്സിന് (NVX-CoV2373)
ഇന്‍ഡ്യ ആകെ ഓര്‍ഡര്‍ ചെയ്ത 1.6 ബില്യണില്‍ ബാക്കിയുള്ള 1 ബില്യണ്‍ (100 കോടി) വാക്സിനും വാങ്ങുന്നത് അമേരിക്കന്‍ വാക്സിന് നിര്‍മ്മാതാക്കളായ NOVAVAX എന്ന കമ്പനിയില്‍ നിന്നാണ്. NVX-CoV2373 എന്ന ഈ വാക്സിന് മേല്‍ സൂചിപ്പിച്ച മറ്റു വാക്സിനുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ‘നാനോ പാര്‍ട്ടിക്കിള്‍ ബേസ്ഡ്’ വാക്സിനാണ്.
വൈറസിന്റെ ശരീരത്തിലെ ഏതെങ്കിലുമൊരു പ്രോട്ടീന്‍ ആന്റിജന്‍ ആണ് ഈ വാക്സിനിലെ പ്രധാനഘടകം. പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്സിനുകള്‍ എന്നാണ് ഇവയെ പറയുന്നത്. ആ പ്രോട്ടീനെ ശരീരം നശിപ്പിച്ചു കളയാതിരിക്കാന്‍ അതിനെ ചില പ്രത്യേകതരം നാനോ പാര്‍ട്ടിക്കിളുകള്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നു.
5 microgram പ്രോട്ടീന്‍ ആന്റിജനും 50 microgram Matrix-M പാര്‍ട്ടിക്കിളുകളും ചേര്‍ന്നതാണ് Novavax നിര്‍മ്മിക്കുന്ന NVX-CoV2373 വാക്സിന്.
2020 മെയ് മാസത്തില്‍ ഓസ്ട്രേലിയയില്‍ ഈ വാക്സിന്റെ മനുഷ്യരിലുള്ള സുരക്ഷാ പരിശോധന ആരംഭിച്ചിരുന്നു. ഇതിനു മുന്‍പ് അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള എമര്‍ജന്റ് ബയോ സൊല്യൂഷന്‍സ് എന്ന കമ്പനിയുമായി നോവാവാക്സ് വാക്സിന് നിര്‍മ്മാണത്തിന് കരാര്‍ ഒപ്പിട്ടിരുന്നു.
ഉയര്‍ന്നതോതില്‍ വാക്സിന് നിര്‍മ്മിക്കാന്‍ കഴിവുള്ള കമ്പനിയാണ് എമര്‍ജന്റ് ബയോ സൊല്യൂഷന്‍സ്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയില്‍ ഈ വാക്സിന്റെ വലിയ തോതിലുള്ള പരീക്ഷണം ആരംഭിക്കുകയുണ്ടായി.
തുടര്‍ന്ന് ഡിസംബറില്‍ അമേരിക്കയിലും മെക്സിക്കോയിലും ഫേസ് ത്രീ ട്രയലും ആരംഭിച്ചു. ഇതിന്റെയെല്ലാം ഫലങ്ങള്‍ വിശകലനം ചെയ്ത ശേഷമേ വാക്സിന് എത്രത്തോളം ഫലപ്രദമാണ് എന്നും എത്ര ഡോസ് ആവശ്യമുണ്ട് എന്നും ആര്‍ക്കൊക്കെ നല്കാന് കഴിയുമെന്നുമൊക്കെ മനസ്സിലാക്കാന്‍ സാധിക്കൂ. ഇന്ത്യക്ക് വേണ്ട വാക്സിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ നിര്‍മിക്കാനും സാധ്യതയുണ്ട്.
4.ഭാരത് ബയോടെക്- കോവാക്സിന്
ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സ്വകാര്യ വാക്സിന് നിര്‍മാണ കമ്പനിയാണ് ഭാരത് ബയോടെക്. റോട്ടാവൈറസിനെതിരെയുള്ള റോട്ടാവാക് വാക്സിന് വിതരണം ചെയ്യുന്നതിലൂടെ ഇവര്‍ ശ്രദ്ധനേടിയിരുന്നു.
ഈ കമ്പനി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് വികസിപ്പിച്ചെടുക്കുന്ന വാക്സിനാണ് കോവാക്സിന്. അമേരിക്കന്‍ കമ്പനിയായ ഫ്ലൂജെനുമായും ഇവര്‍ സഹകരിക്കുന്നുണ്ട്.
പെരുകാനുള്ള ശേഷി നശിപ്പിച്ച വൈറസിനെ (ലളിതമായി പറഞ്ഞാല്‍ കൊന്ന വൈറസിനെ) ഉപയോഗിച്ച് നിര്‍മ്മിച്ച വാക്സിനാണ് കോവാക്സിന്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആണ് ഇതിനുവേണ്ട വൈറസുകളെ നല്‍കിയത്.
കോവാക്സിന് ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാംഘട്ടത്തിലാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആരംഭിച്ച ട്രയല്‍ 22 ഇടങ്ങളിലായി 26000 പേരില്‍ പുരോഗമിക്കുന്നുണ്ട്. ഡല്‍ഹി, കര്‍ണാടക , വെസ്റ്റ് ബംഗാള്‍ തുടങ്ങി പല സംസ്ഥാനങ്ങളില്‍ 22 കേന്ദ്രങ്ങളിലാണ് ഗവേഷണം പുരോഗമിക്കുന്നത്.
ആദ്യ രണ്ടുഘട്ട ട്രയലുകളില്‍ 60 ശതമാനമായിരുന്നു ഈ വാക്സിന്റെ കാര്യക്ഷമത. മൂന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയാവാന്‍ ഫെബ്രുവരിയെങ്കിലും ആവും.
നിലവില്‍ കമ്പനിക്ക് സ്വന്തമായുള്ള വീരോ സെല്‍ മാനുഫാക്ചറിങ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വാക്സിന് നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മ്മിക്കാന്‍ ഇതുവഴി സാധിക്കും. എന്നാല്‍ കൂടുതല്‍ ഡോസുകള്‍ നിര്‍മ്മിക്കാന്‍ ഹൈദരാബാദില്‍ മറ്റൊരു പ്ലാന്റ് തുറക്കുന്നതിനായും ഒഡിഷയില്‍ പുതിയ സംവിധാനം ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചു വരുന്നുണ്ട്.
അടിയന്തരമായി വാക്സിന് വിതരണം ചെയ്യാനുള്ള അംഗീകാരം (എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍) തേടി ഭാരത് ബയോടെക് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
ഇന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്.ഇ.സി.) ഈ വാക്സിനും പ്രയോഗാനുമതി നല്കാന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അനുമതി ലഭ്യമായാല്‍ കോവാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ സാധിക്കും.
5.Pfizer/BioNTech വാക്സിന്
യുകെയില്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിച്ച Pfizer/BioNTech- ന്റെ BNT162 (ടോസിനാമെറാന്) എന്ന വാക്സിന് ഒരു RNA വാക്സിനാണ്. RNA എന്നാലൊരു ജനിതകവസ്തുവാണ്. കോവിഡിനെതിരെ അംഗീകരിക്കപ്പെടുന്ന ആദ്യത്തെ വാക്സിനെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത, മനുഷ്യന് ഏതെങ്കിലും രോഗത്തിനെതിരെ നല്‍കാനായി അംഗീകരിക്കപ്പെടുന്ന ആദ്യത്തെ ‘RNA വാക്സിന്’ കൂടിയാണ് BNT162.
43000 മനുഷ്യരിലാണ് ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്. കാര്യമായ സൈഡ് എഫക്റ്റുകള്‍ ആരിലും ഉണ്ടായില്ല എന്നും 95 ശതമാനം എഫിഷ്യന്‍സി ഈ വാക്സിനുണ്ടെന്നും Pfizer/BioNTech കഴിഞ്ഞമാസം അവകാശപ്പെട്ടിരുന്നു.
ഇതിന് ആധാരമായ പഠനങ്ങള്‍ പരിശോധിച്ചശേഷമാണ് യുകെയിലെ Medicines and Healthcare Products Regulatory Agency (MHRA) ഈ വാക്സിന് വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയത്. യുകെയില്‍ നിന്ന് ആദ്യ അനുമതി കിട്ടിയ ശേഷം പല രാജ്യങ്ങളിലും ഈ വാക്സിന് അനുമതി ലഭിക്കുകയുണ്ടായി.
മൂന്നാഴ്ചത്തെ ഇടവേളയില്‍ ആകെ രണ്ട് ഡോസ് വാക്സിനുകളാണ് ഒരാള്‍ക്ക് നല്‍കേണ്ടത്. തോളത്ത് ഇഞ്ചക്ഷനായാണ് ഇതു നല്‍കുക. വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ കോഡ് ചെയ്യുന്ന MRNA യെ ഒരു കൊഴുപ്പ് നാനോപാര്ട്ടിക്കിളില് നിറച്ച് കുത്തി വെയ്ക്കുകയാണ് ചെയ്യുന്നത്.
ആര്‍ക്കൊക്കെ ആദ്യം വാക്സിന് നല്കണമെന്നതിന്റെ മുന്‍ഗണനാ ക്രമവും MHRA നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവുമാദ്യം വാക്സിന് ലഭിക്കുന്നത് വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കും അവരെ പരിപാലിക്കുന്നവര്‍ക്കും ആണ്.
ശേഷം 85 വയസിനു മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും. തുടര്‍ന്ന് പ്രായം കുറയുന്നതിനനുസരിച്ചു മുന്‍ഗണനാ ലിസ്റ്റില്‍ പിന്നിലേക്ക് പോകും. പക്ഷെ എന്തെങ്കിലും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രായഭേദമന്യേ മുന്‍ഗണന ലഭിക്കുകയും ചെയ്യും.
പൂര്‍ണമായും സൗജന്യമായാണ് UK ഗവണ്മെന്റ് ഈ വാക്സിന് ജനങ്ങള്‍ക്ക് നല്കാന് പോകുന്നത്. ഡിസംബര്‍ 20നകം തന്നെ ബ്രിട്ടനില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഈ വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു.
ഈ വാക്സിന്റെ ഒരു പോരായ്മയായി കണക്കാക്കുന്നത്, ഇത് മൈനസ് 70-80 ഡിഗ്രീ സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം എന്നതാണ്. വാക്സിനേഷന്റെ അഞ്ചു ദിവസം മുന്‍പ് വരെയെങ്കിലും ഈ താപനില കൃത്യമായി നിലനിര്‍ത്തിയില്ലെങ്കില്‍ വാക്സിന്റെ ശേഷി നഷ്ടപ്പെട്ടു പോകും.
ഇതു പാലിക്കുന്നതിനുള്ള ‘Deep Freeze Delivery System’ കൂടുതല്‍ ചെലവും സാങ്കേതിക പരിജ്ഞാനവും വേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍ ഫൈസര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
എങ്കിലും ഇവിടെ ഈ വാക്സിന് ശേഖരിക്കാനും വിതരണം ചെയ്യാനും വലിയ സാങ്കേതിക വെല്ലുവിളികള്‍ നേരിടേണ്ടിവരും. വാക്സിന് വിതരണം ചെയ്യാനുള്ള നമ്മുടെ കോള്‍ഡ് ചെയിന്‍ -20 ഡിഗ്രി, 2-8 ഡിഗ്രി സെന്റിഗ്രേഡ് എന്നീ താപനിലയില്‍ സൂക്ഷിക്കേണ്ട വാക്സിനുകള്‍ക്കു വേണ്ടിയാണ് പ്രധാനമായും സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണ് കാരണം.
നിലവില്‍ യൂറോപ്യന്‍ യൂണിയന്, ജപ്പാന്, യുണൈറ്റഡ് കിങ്ഡം, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുമായി വാക്സിന് വിതരണം ചെയ്യുന്നതിന് ഫൈസര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
6.മോഡേണ വാക്സിന്
കോവിഡ് രംഗപ്രവേശം ചെയ്തശേഷം വികസിപ്പിച്ചെടുത്ത വാക്സിനുകളില്‍ ആദ്യം മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയ വാക്സിനാണ് അമേരിക്കയിലെ മോഡേണ (MODERNA) എന്ന വാക്സിന് നിര്‍മ്മാതാക്കള്‍ വികസിപ്പിച്ച mRNA-1273 വാക്സിന്.
ഇതും Pfizer/BioNTech- ന്റെ വാക്സിന് പോലെ തന്നെ ഒരു mRNA വാക്സിനാണ്. ഈ വാക്സിന്റെയും ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടം ഉടനെ അവസാനിക്കും. അമേരിക്കയും കാനഡയും ഈ വാക്സിന് എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍ നല്‍കിയിട്ടുണ്ട്.
നിലവില്‍ 95 ശതമാനം പ്രതിരോധം ഈ വാക്സിന് നല്‍കുന്നുണ്ടെന്നാണ് 30000 പേരില്‍ പരീക്ഷണം നടത്തിയ കമ്പനി അവകാശപ്പെടുന്നത്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ഫൈസര്‍ വാക്സിനേക്കാള്‍ സൂക്ഷിക്കുന്നതിനും ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതിനും എളുപ്പം ഈ വാക്സിനായിരിക്കും.
നാല് ആഴ്ചകളുടെ ഇടവേളയില്‍ രണ്ട് ഡോസാണ് ഈ വാക്സിന് വേണ്ടി വരുന്നത്. ഇഞ്ചക്ഷനായാണ് വാക്സിന് നല്‍കുന്നത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം വാക്സിന് ലഭിച്ച ആള്‍ക്ക് പൂര്‍ണ്ണ രോഗപ്രതിരോധശേഷി ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രണ്ടാംഘട്ട പരീക്ഷണം കഴിഞ്ഞ ഇന്ത്യയുടെ മറ്റൊരു വാക്സിനാണ് സൈക്കോവ് ഡി. അഹമ്മദാബാദിലെ സൈഡസ് കാഡില എന്ന കമ്പനിയുടേതാണത്. മൂന്നാം ഘട്ടത്തിനിനിയും അനുമതിയായിട്ടില്ല.
അതുപോലെ ഇന്ത്യയിലെ മറ്റൊരു സ്വകാര്യ ലാബായ Panacea biotech അയര്‍ലന്‍ഡിലെ ഞമളമിമ ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്തമായ വാക്സിന് ഗവേഷണവും നടക്കുന്നുണ്ട്. ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എന്ന ലാബ് അമേരിക്കയിലെ Codagenixമായി ചേര്‍ന്ന് ഒരു ലൈവ് അറ്റന്വേറ്റഡ് കൊവിഡ് വാക്സിന്റെ ഗവേഷണവും പുരോഗമിക്കുന്നുണ്ട്.
ഇതൊക്കെയും പ്രതീക്ഷ നല്കുന്ന കാര്യങ്ങളാണെങ്കിലും വാക്സിന് എല്ലാവര്ക്കും ലഭിക്കാന്‍ എത്രകാലം വേണ്ടിവരുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. 60 മുതല്‍ 70 വരെ ശതമാനം ആളുകള്‍ക്ക് എങ്കിലും വാക്സിന് ലഭിച്ചാലേ രോഗത്തിന്റെ പകര്‍ച്ച തടയുന്ന രീതിയില്‍ ഹേ(ര്‍)ഡ് ഇമ്മ്യൂണിറ്റി സാധ്യമാകൂ.
ഇതിന് 150ഓളം കോടി ഡോസ് വാക്സിന് ഇന്ത്യയില്‍ വേണ്ടിവന്നേക്കാം. നിലവിലത്തെ നിര്‍മ്മാണശേഷി അനുസരിച്ച് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഇത്രയും വാക്സിനുകള്‍ വികസിപ്പിക്കാന്‍ വേണ്ടിവരും. വികസനത്തെക്കാള്‍ വലിയ വെല്ലുവിളി വാക്സിനുകള്‍ വിതരണം ചെയ്യുന്നതാണ്.
കൃത്യമായ താപനില ഉറപ്പുവരുത്തി ഈ ബൃഹത്തായ രാജ്യത്തിന്റെ ഓരോ കോണുകളിലും വാക്സിന് വിതരണം ചെയ്യുന്നത് ഭീമമായ ഒരു പ്രക്രിയയാണ്. എങ്കിലും ഇതിനുവേണ്ട ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും എന്നാണ് കേന്ദ്ര സര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും അവകാശപ്പെടുന്നത്.
സമാനമായ മാതൃകകളാണ് ലോകത്തെമ്പാടും നിലനില്‍ക്കുന്നത്. നിലവില്‍ വാക്സിന് കൊടുത്തു തുടങ്ങിയ UK-യും വാക്സിന് ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച USA-യും പൂര്‍ണമായും സൗജന്യമായാണ് വാക്സിന് നല്‍കുന്നത്.
കൊവിഡ് രോഗത്തെപ്പറ്റി നമുക്കുള്ള ഏറ്റവും പഴയ അറിവിനുപോലും ഒരു വര്‍ഷത്തെ പഴക്കമേയുള്ളൂ. ശാസ്ത്രമിപ്പോഴും ഇതിനെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ നേടിയ അറിവുകളുടെ അടിസ്ഥാനത്തിലാണ് വാക്സിനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈദ്യശാസ്ത്രം ഉത്തരം പറയുന്നത്.
അതുകൊണ്ടു തന്നെ ആദ്യം അംഗീകരിക്കപ്പെട്ട വാക്സിനാണ് മികച്ചതെന്നോ ചെലവു കൂടിയ വാക്സിനുകളാണ് കൂടുതല്‍ സുരക്ഷിതമെന്നോ ഒന്നും പറയാന്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ക്ലിനിക്കല്‍ ട്രയലുകള്‍ കഴിഞ്ഞതാണെങ്കിലും പൊതുജനങ്ങള്‍ക്ക് നല്കുമ്പോഴും വാക്സിന്റെ സുരക്ഷിതത്വത്തെയും ഫലത്തെയും സംബന്ധിച്ച നിരീക്ഷണങ്ങള്‍ തുടരും.
എന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ആ വാക്സിന് വിതരണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കാനോ പിന്‍വലിക്കാനോ അതു കാരണമാകുകയും ചെയ്യും. മനുഷ്യരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പരമപ്രാധാന്യം നല്കി മെച്ചപ്പെട്ടതില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ടതിലേക്കുള്ള പ്രയാണം ലക്ഷ്യമാക്കിയ ശാസ്ത്രത്തിന്റെ രീതിയാണ് അത്.
2021 എളുപ്പമുള്ള ഒരു വര്ഷമായിരിക്കുകയില്ല. ഈ വാക്സിനുകള്‍ വേണ്ട തോതില്‍ നിര്‍മ്മിക്കുകയും എല്ലാവര്ക്കും വിതരണം ചെയ്യുകയും അതിന്റെ ഫലങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നത് ഈ ഒരു കൊല്ലം മുഴുവന്‍ നീണ്ടു നില്ക്കുന്ന പ്രക്രിയയായിരിക്കും. നാം ഇതുവരെ തുടര്‍ന്ന കരുതല്‍ ഇനിയും അല്‍പ്പകാലം കൂടി അതുപോലെ തുടരേണ്ടതുണ്ട്.
- എഴുതിയത് : Arun Mangalath & Manoj Vellanad
- കടപ്പാട്: ഇന്‍ഫോ ക്ലിനിക്