പാലാ: പാലായില്‍ ആദ്യദിനം കോവിഡ് പ്രതിരോധ വാക്സിന് കുത്തിവയ്പ് എടുത്തത് 60 പേര്. രാവിലെ 10.30ന് പ്രധാനമന്ത്രി രാജ്യത്ത് വാക്സിന് വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിനു ശേഷം ആദ്യ ഡോസ് പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ് എടുത്തു.
തുടര്‍ന്ന് നേരത്തെ രജിസ്ട്രേഷന് നടത്തിയിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു. വരുംദിവസങ്ങളിലും വാക്സിന് വിതരണം നടക്കും.
കോട്ടയം ജില്ലയില്‍ ആദ്യദിനത്തില്‍ ആകെ 610 പേരാണ് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ടികെ ജയകുമാര്‍ ആണ് ജില്ലയില്‍ ആദ്യ ഡോസ് സ്വീകരിച്ചത്.
വാക്സിന് സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് നിലവില്‍ ജില്ലയില്‍ ലഭ്യമായിട്ടുള്ളത്.
വാക്സിന് വിതരണ നടപടികള്‍ ഏകോപനച്ചുമതല സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്.ഡി.ഒ എം.ടി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ്.
വിവിധ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് എടുത്തവരുടെ പട്ടിക
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി – 70
കോട്ടയം എസ് .എച്ച്. മെഡിക്കല്‍ സെന്റര്‍ – 70
പാലാ ജനറല്‍ ആശുപത്രി- 60
ചങ്ങനാശേരി ജനറല്‍ ആശുപത്രി – 60
പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 70
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം – 80
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം – 80
ഉഴവൂര്‍ കെ.ആര്. നാരായണന് സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി- 50
വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി-70