കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തില്‍; വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍

ആദ്യഘട്ട കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജണല്‍ വാക്‌സിന്‍ സ്റ്റോറുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുക.

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

വാക്‌സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകുന്നേരം ആറിന് തിരുവനന്തപുരത്തുമെത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്‌സീന്‍ എത്തുന്നത്.

തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 എന്നിങ്ങനെയാണ് ഡോസ്. കോഴിക്കോട് വരുന്ന വാക്‌സിനില്‍നിന്നും 1,100 ഡോസ് മാഹിയില്‍ വിതരണം ചെയ്യും. വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളില്‍ ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്.

വാക്‌സിനേഷനായി ഇതുവരെ 3,62,870 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരും.

ഇടതു തോളില്‍ ആണ് വാക്‌സീന്‍ കുത്തിവയ്ക്കുന്നത്. 28 ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് കുത്തിവയ്ക്കും. കുത്തിവയ്പിനു ഹാജരാകേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എപ്പോള്‍, ഏതു കേന്ദ്രത്തില്‍ എത്തണമെന്ന സന്ദേശം അയയ്ക്കും.

രാജ്യത്ത് ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം 30 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും 50 വയസു കഴിഞ്ഞവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 50 വയസില്‍ താഴെ പ്രായമുള്ള എന്നാല്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

രോഗത്തിന്റെ അവസ്ഥയും മറ്റു പലവിധ ഘടകങ്ങളും പരിഗണിച്ചാകും വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് വാക്‌സിന്റെ ലഭ്യതയും മറ്റുമനുസരിച്ചാകും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുക.

വാക്‌സിന്‍ എടുക്കേണ്ടത് നിര്‍ബന്ധിതമല്ലെന്നും ഓരോ വ്യക്തിയുടെയും താല്‍പര്യം അനുസരിച്ചാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, നിലവില്‍ കണ്ടെത്തിയ വാക്‌സിനുകള്‍ എത്രമാത്രം ഫലപ്രദമാണെന്നോ എത്ര കാലത്തേക്ക് ഈ വൈറസിനെ തടയാന്‍ സാധിക്കുമെന്നോ ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply