കോവിഡ് വാക്‌സിനേഷന്‍; കോട്ടയം ജില്ലയില്‍ ഡ്രൈ റണ്‍ ജനുവരി എട്ടിന്

കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ കോട്ടയം ജില്ലയില്‍ ജനുവരി എട്ടിന് നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്റെ എല്ലാ നടപടികളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും.

കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഡ്രൈ റണ്‍ നടത്തുക.

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് രാവിലെ ഒന്‍പതു മുതല്‍ 11 വരെ മൂന്നു കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകര്‍ത്താക്കളായി എത്തുക.

ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കോവിന്‍ എന്ന പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്തേണ്ട സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടുന്ന എസ്.എം.എസ് സന്ദേശം ഇവര്‍ക്ക് ലഭിക്കും.

ഡ്രൈ റണ്‍ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്ക് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിച്ചാല്‍ അതത് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാകും.

വിതരണ കേന്ദ്രങ്ങളില്‍ കാത്തിരിപ്പിനും വാക്‌സിനേഷനും വാക്‌സിന്‍ സ്വീകരിച്ചശേഷമുള്ള നിരീക്ഷണത്തിനും പ്രത്യേകം മുറികള്‍ സജ്ജീകരിക്കും.

വ്യക്തി വിവരങ്ങളും അതത് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കേണ്ടവരാണോ എന്നതും പരിശോധിച്ച് സ്ഥിരീകരിച്ചശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. തുടര്‍ന്ന് വാക്‌സിനേഷന്‍ ഓഫീസറുടെ മുന്നില്‍ എത്തുമ്പോള്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തി വാക്‌സിനേഷന് അനുമതി നല്‍കും.

വാക്‌സിന്‍ സ്വീകരിക്കുന്നവരെ അരമണിക്കൂര്‍ നിരീക്ഷണത്തിനുശേഷമായിരിക്കും പോകാന്‍ അനുവദിക്കുക. ഡ്രൈ റണ്ണിലും ഇതേ രീതിയായിരിക്കും പിന്തുടരുക. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാകും.

ഇതിനായി ദ്രുത കര്‍മ്മ സേനയെ നിയോഗിക്കും. ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ഉണ്ടാകും.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply