കോട്ടയത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം; ആദ്യ ഡോസ് സ്വീകരിച്ചത് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യഘട്ട വിതരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി . ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നടത്തിയ ദേശീയ തല ഉദ്ഘാടനത്തെ തുടര്‍ന്ന് രാവിലെ 11:10ന് കുത്തിവെയ്പ്പ് നടപടികള്‍ ആരംഭിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. അര മണിക്കൂര്‍ നിരീക്ഷണ മുറിയില്‍ കഴിഞ്ഞതിനു ശേഷം വിതരണകേന്ദ്രം വിട്ടിറങ്ങിയ അദ്ദേഹം കുത്തിവെയ്പ് സുരക്ഷിതവും വേദനാരഹിതവുമാണെന്ന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

Advertisements

കൈയുടെ മുകള്‍ ഭാഗത്താണ് വാക്‌സിന്‍ കുത്തിവെയ്ക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടില്ല. കോവിഡിനെതിരെ പ്രതിരോധശേഷി നേടാനാകുമെന്നതിനാല്‍ വാക്‌സിന്‍ എടുക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ട – അദ്ദേഹം പറഞ്ഞു.

28 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് കൂടി കുത്തിവെച്ച് രണ്ടാഴ്ച്ച കൂടി കഴിയുമ്പോഴാണ് പ്രതിരോധശേഷി കിട്ടുക. ഇതിനിടയില്‍ കോവിഡ് പിടിപെടാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് പ്രതിരോധ മുന്‍ കരുതലുകള്‍ കര്‍ശനമായി പാലിക്കണം.

വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ച് മറ്റുള്ളവര്‍ക്കും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. മെഡിക്കല്‍ കോളേജ് സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. ആര്‍ സജിത് കുമാറും സന്നിഹിതനായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെയും എസ്. എച്ച് മെഡിക്കല്‍ സെന്ററിലെയും ക്രമീകരണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നേരിട്ട് നേതൃത്വം നല്‍കി.

പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എരുമേലി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ജനറല്‍ ആശുപത്രിയില്‍ പാലാ ആര്‍.ഡി.ഒ അനില്‍കുമാര്‍, വൈക്കം താലൂക്ക് ആശുപത്രി, ചങ്ങനാശേരി ജനറല്‍ ആശുപത്രി, ഉഴവൂര്‍ കെ. ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ആര്‍. ബിന്ദുകുമാരി, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. പി. എന്‍ വിദ്യാധരന്‍, ഡോ. കെ. ആര്‍. രാജന്‍, ഡോ. ടി. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, കോട്ടയം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ ഇവിടെ വാക്‌സിന്‍ സ്വീകരിച്ചു.

ഭാരതീയ ചികിത്സാ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി ജയശ്രീ പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലാണ് വാക്‌സിന്‍ സ്വീകരിച്ചത്.

പാലാ ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ പി.എസ് ശബരിനാഥ്, വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. സപ്ന, ഉഴവൂര്‍ കെ. ആര്‍. നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി സെബാസ്റ്റ്യന്‍, പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കെ. എ മനോജ്, ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജെ. തോമസ്, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ ജോസഫ് ആന്റണി, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സീന ഇസ്മായില്‍ എന്നിവര്‍ക്കാണ് ആദ്യ വാക്‌സിന്‍ നല്‍കിയത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ വ്യാസ് സുകുമാരന്‍, ഭാരതീയ ചികിത്സാ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ജയശ്രീ, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. സി.ജെ. സിതാര, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഡോമി ജെ തുടങ്ങിയവര്‍ എന്നിവര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചു.

You May Also Like

Leave a Reply