പ്രതീക്ഷയോടെ കേരളം; കോവിഡ് വാക്‌സിനേഷന്‍ പതിനാറാം തീയതി ആരംഭിക്കും

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ പതിനാറാം തീയതി മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് വന്‍ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതുവരെ 3,54,897 പേരാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Advertisements

ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി ഇന്ന് ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

എല്ലാ ഉദ്യോഗസ്ഥര്‍ക്കും വാക്‌സിനേഷന്‍ ഏത് രീതിയിലാണ് നടപ്പിലാക്കുന്നതെന്നും, എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കേണ്ടത് എന്നും വിശദീകരിക്കുകയാണ് വര്‍ക്ക്‌ഷോപ്പിലെ പ്രധാന ഉദ്ദേശം.

വാക്‌സിന്‍ സൂക്ഷിക്കാന്‍ തയ്യാറാക്കിയിട്ടുള്ള കോള്‍ഡ് സ്റ്റോറേജ് പ്രവര്‍ത്തനങ്ങള്‍, വാക്‌സിനേഷന്‍ എടുക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ശില്‍പ്പശാലയില്‍ വിശദീകരിച്ചു.

ആരോഗ്യ വകുപ്പിന്റെ ഏകോപനത്തില്‍ ആരോഗ്യകേരളം, ജില്ലാ ഭരണകൂടം, ആശുപത്രികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തോടെ മാത്രമേ നമുക്ക് വാക്‌സിനേഷന്‍ മികച്ചരീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ.

കഴിഞ്ഞദിവസം വാക്സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്.

You May Also Like

Leave a Reply