Main News

കോട്ടയം ജില്ലയിൽ 60 വയസിനു മുകളിലുള്ളവരുടെ കരുതൽ ഡോസ് കോവിഡ് വാക്‌സിനേഷൻ ; ജൂൺ 23 മുതൽ തീവ്രയജ്ഞം നടത്തും

കോട്ടയം: 60 വയസിനു മുകളിലുള്ളവരുടെ കരുതൽ (മൂന്നാം) ഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ ജൂൺ 23 മുതൽ തീവ്രയജ്ഞം നടത്തും. ഇതിനു മുന്നോടിയായി ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷരുമായി കളക്ടർ സംസാരിച്ചു.

ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും ചേർന്ന് ആശ, ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് ജൂൺ 20 മുതൽ 22 വരെ ഭവന സർവേ നടത്തും. കരുതൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവരെ കണ്ടെത്തി ജൂൺ 23 മുതൽ 25 വരെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

ജില്ലയിൽ ഇതുവരെ 60 വയസിനുമുകളിലുള്ള 1.04 ലക്ഷം പേർ (40%) മാത്രമേ കരുതൽ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂ. 12 മുതൽ 14 വയസു വരെയുള്ള കുട്ടികളിൽ 75 ശതമാനം പേരും 15 മുതൽ 17 വരെയുള്ള കുട്ടികളിൽ 82 ശതമാനം പേരും 18 വയസിനു മുകളിലുള്ളവരിൽ മുഴുവൻ പേരും വാക്‌സിൻ സ്വീകരിച്ചു.
രാജ്യത്താകമാനം കോവിഡ് കേസുകൾ വീണ്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ മുതിർന്നവർക്ക് കരുതൽ ഡോസ് കൂടി നൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രായമായവരെ കൂടാതെ മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരും കരുതൽ വാക്‌സിൻ എടുക്കണം. ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരിൽ ഈ വിഭാഗങ്ങളിലുള്ളവർക്കാണ് ആശുപത്രി ചികിത്സയും ഐ.സി.യു പരിചരണവും ആവശ്യമായി വരുന്നത്. ഇതൊഴിവാക്കാൻ കരുതൽ ഡോസ് കൂടി സ്വീകരിക്കുന്നത് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നതായാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ടവർ കരുതൽ ഡോസ് സ്വീകരിക്കണം. മുതിർന്നവർക്കും, പ്രമേഹം, തുടങ്ങിയ ഇതര രോഗങ്ങൾ ഉള്ളവർക്കും ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവർക്ക് കരുതൽ ഡോസ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി സ്വീകരിക്കാം. 60 വയസിനു താഴെയുള്ള മേൽ വിഭാഗങ്ങളിൽ പെടാത്തവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് അംഗീകൃത നിരക്കിൽ കരുതൽ ഡോസ് സ്വീകരിക്കാം.

Leave a Reply

Your email address will not be published.