Main News

റെഡ് സോണ്‍ മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി

കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ റെഡ് സോനായ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപന മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ തദ്ദേശ സ്ഥാപന മേഖലകളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചു.

ജില്ലയില്‍ മണിമല, ഈരാറ്റുപേട്ട, കൂരോപ്പട, കുറിച്ചി, പായിപ്പാട്, വിജയപുരം, എരുമേലി, ചെമ്പ് എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് റെഡ് സോണ്‍ മേഖലയിലുള്ളത്.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള കോവിഡ് അതിതീവ്ര വ്യാപന മേഖലയിലുള്ള തദ്ദേശ സ്വയംഭരണങ്ങളാണ് ഇവയെല്ലാം. എരുമേലി, മണിമല ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി.

ഈരാറ്റുപേട്ട നഗരസഭയിലും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. റെഡ് സോണ്‍ മേഖലകളില്‍ ഒഴിവാക്കാനാകാത്ത അവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു.

യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്നു പ്രവര്‍ത്തിക്കാം. ഈ മേഖലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.

റെഡ് സോണ്‍ മേഖലകളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന റെഡ് സോണില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188,169 എന്നീ വകുപ്പുകള്‍ പ്രകാരവും ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.