കോവിഡ് പരിശോധനയ്ക്കു ശേഷം കറങ്ങിനടന്ന 55കാരനു കോവിഡ്; കറങ്ങി നടന്നത് ബസില്‍, ഈരാറ്റുപേട്ടയിലുമെത്തിയെന്ന് വിവരം

പാലാ: കോവിഡ് പരിശോധനയ്ക്ക് വിധേയനായതിനു ശേഷം നാട്ടില്‍ കറങ്ങി നടന്ന 55 കാരനെ ഒടുവില്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ആരോഗ്യകേന്ദ്രത്തിലാക്കി.

കടനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട കുറുമണ്ണ് ഭാഗത്തുള്ള ആളൊഴിഞ്ഞ ബന്ധുവീട്ടില്‍ ഇയാള്‍ എത്തിയെന്നറിഞ്ഞ് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജയിസണ്‍ പുത്തന്‍കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തിയെങ്കിലും ഇയാള്‍ അതിനു മുന്‍പേ അവിടെ നിന്നു കടന്നുകളഞ്ഞിരുന്നു.

തുടര്‍ന്ന് സമീപപ്രദേശങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇതിനിടയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരണവും എത്തിയതായി പ്രസിഡന്റ് പറഞ്ഞു. പിന്നീട് വൈകുന്നേരം അഞ്ചുമണിയോടെ മേലൂര്‍ പഞ്ചായത്തിലെ പൈകടപീടിക ഭാഗത്തു നിന്നാണ് ഇയാളെ കണ്ടെത്തിയത്.

തുടര്‍ന്ന് മേലുകാവ് പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇയാളെ പിടികൂടി ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഇയാളില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, ഈരാറ്റുപേട്ട, പയസ്മൗണ്ട് പ്രദേശങ്ങളില്‍ ഇയാള്‍ എത്തിയിട്ടുണ്ട്.

ബസിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നതെന്നും അതിനാല്‍ തന്നെ ഇയാളുടെ സമ്പര്‍ക്കപട്ടിക വലുതാകാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചന. ഇയാളുടെ സമ്പൂര്‍ണ്ണ പട്ടിക വിപുലമാക്കാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ജയിസണ്‍ പുത്തന്‍കണ്ടം അറിയിച്ചു.

Leave a Reply

%d bloggers like this: