എട്ടു ജില്ലകളില്‍ ടിപിആര്‍ 25നു മുകളില്‍; മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് റിപ്പോര്‍ട്ട്, ഒരാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ പരിഗണനയില്‍, തീരുമാനം തിങ്കളാഴ്ച?

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് 19 രോഗ വ്യാപനം ഇനിയും തീവ്രമാകുമെന്ന് വിലയിരുത്തല്‍. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലാണ്.

ഇത് അടുത്ത രണ്ടാഴ്ചകളില്‍ രോഗവ്യാപനം ഇനിയും ഉയരുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം വിലയിരുത്തുന്നു.

Advertisements

അതേ സമയം, മരണനിരക്ക് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. മെയ് മാസത്തിലെ ആദ്യ നാലു ദിവസത്തിനിടെ 199 പേരാണ് മരിച്ചത്. ചൊവ്വാഴ്ച മാത്രം 57 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച 45ഉം ഞായറാഴ്ച 49ഉം മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 48 മരണങ്ങളാണ് മെയ് ഒന്നാം തീയതി സ്ഥിരീകരിച്ചത്.

ഏപ്രില്‍ മാസത്തിലെ ആദ്യ അഞ്ചു ദിവസങ്ങളില്‍ യഥാക്രമം 11, 14, 12, 10, 12 എന്നിങ്ങനെയാണ് മരണനിരക്ക്. ഒരു മാസത്തിനിടെ അഞ്ചിരട്ടി വര്‍ധനവാണ് മരണനിരക്കില്‍ ഉണ്ടായിട്ടുള്ളത്.

നിലവില്‍ എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലാണ്. അതായത് പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുമെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

ഇതിനനുസരിച്ച് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 10.31 ആണ്. ദേശീയ ശരാശരി 6.92 മാത്രമാണ്.

മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 30 ലേറെപ്പേരും കോവിഡ് ബാധിതരാണ്. തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഗുരുതര സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

ഈ ഘട്ടത്തിലാണ് ഒരാഴ്ച സമ്പൂര്‍ണ അടച്ചിടലിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുളള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply