ഹോം ക്വാറന്റയിന്‍ കര്‍ശനമാക്കാം, കോവിഡിനെ അകറ്റാം! നാടിന്റെ നന്മയ്ക്കായി ക്വാറന്റയിനില്‍ കഴിയുന്നവരും കുടുംബാംഗങ്ങളും പാലിക്കണം ഈ കാര്യങ്ങള്‍

കോവിഡ് എന്ന മഹാമാരി ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നു തിരിച്ചെത്തി ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം.

മെയ് മാസം മുതല്‍ ഇന്നലെ വരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് 19 കേസുകളില്‍ 95 ശതമാനത്തോളവും വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ തിരിച്ചെത്തിയവര്‍ക്കും അവരുമായുള്ള സമ്പര്‍ക്കം മൂലവുമാണ് ബാധിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഓരോരുത്തരുടെയും മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷയും പ്രധാനമാണ്. കേരളം സമൂഹവ്യാപനത്തിന്റെ പിടിയില്‍ ഏതു നിമിഷവും അകപ്പെടാമെന്നും കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും വ്യക്തമാക്കിയിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ പടരാമെന്നതിനാല്‍ ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ മാത്രമല്ല വീട്ടിലുള്ളവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

 • മുറിക്കുള്ളില്‍ തന്നെ കഴിയുക. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങരുത്.
 • ബാഗേജ് സ്വന്തമായി കൈകാര്യം ചെയ്യണം. മറ്റാരും തൊടരുത്.
 • വീട്ടിലെ മറ്റാരും ഈ മുറിയില്‍ കയറരുത്. കെയര്‍ടേക്കര്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മുറിയില്‍ കടന്നാല്‍ മതി.
 • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കണം.
 • ആരും അടുത്തു വരരുത്.
 • ആരോഗ്യപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ കൃത്യമായി അറ്റന്‍ഡ് ചെയ്യുകയും മറുപടി നല്‍കുകയും ചെയ്യുക.
 • രോഗം സംബന്ധിച്ച് എന്തു സംശയവും സ്ഥലത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് തീര്‍ക്കുക.
 • എന്തെങ്കിലും ചെറിയ രോഗലക്ഷണമുണ്ടായാല്‍ പോലും പ്രദേശത്തെ പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ അറിയിക്കുക.
 • ആരോഗ്യ പ്രശ്‌നമായാല്‍ പോലും സ്ഥലത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു മാത്രമേ വീടിനു പുറത്തിറങ്ങാവൂ.

കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • വീട്ടില്‍ പ്രായമായവരോ രോഗമുള്ളവരോ ഉണ്ടെങ്കില്‍ താമസം മാറുന്നതാണ് ഉത്തമം.
 • ക്വാറന്റയിന്‍ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രമേ വീട്ടിലെ താമസക്കാര്‍ പുറത്തു പോകാവൂ.
 • എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായി പുറത്തുപോകുന്ന പക്ഷം അക്കാര്യം വിശദമാക്കി നിശ്ചിത ഫോമില്‍ സ്വയം പ്രസ്താവന നടത്തിയശേഷം ആരോഗ്യവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതലുകളും സ്വീകരിക്കണം.
 • കെയര്‍ടേക്കര്‍ പോലും ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയുമായി നേരിട്ട് ഇടപെടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം.
 • ക്വാറന്റീനില്‍ കഴിയുന്ന വ്യക്തി ഉപയോഗിച്ച പാത്രങ്ങള്‍, ഫോണ്‍, വസ്ത്രങ്ങള്‍ എന്നിങ്ങനെ ഒരു സാധനവും പങ്കിടരുത്.
 • എല്ലാവരും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കണം.
 • ക്വാറന്റീനിലുള്ള വ്യക്തി സ്പര്‍ശിക്കാന്‍ സാധ്യതയുള്ള വാതില്‍പടികള്‍, സ്വിച്ചുകള്‍, ഫര്‍ണീച്ചര്‍ തുടങ്ങി ഒരു പ്രതലത്തിലും മറ്റുള്ളവര്‍ സ്പര്‍ശിക്കരുത്.
 • വീട്ടിലുള്ള ആര്‍ക്കെങ്കിലും ചെറിയ രോഗലക്ണമുണ്ടായാല്‍ പോലും പ്രദേശത്തെ പൊതുജനാരോഗ്യകേന്ദ്രത്തിലെ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.
*******

Join our WhatsApp Group // Like our Facebook Page // Send News


You May Also Like

Leave a Reply