സമ്പര്‍ക്കവ്യാപനം തടയാന്‍ പുതിയ ബോധവത്കരണ പരിപാടിയുമായി ജില്ലാ ഭരണകൂടം

കോട്ടയം: ക്വാറന്റയിനില്‍ കഴിയുന്ന എല്ലാവരെയും സാമൂഹ മാധ്യമങ്ങളിലൂടെ ബന്ധിപ്പിച്ച് കോവിഡിന്റെ സമ്പര്‍ക്ക വ്യാപനം തടയുന്നതിനുള്ള പുതിയ ബോധവത്കരണ പരിപാടിക്ക് ഇന്ന് കോട്ടയം ജില്ലയില്‍ തുടക്കം കുറിക്കുകയാണ്.

രോഗബാധിതരില്‍നിന്നും വീട്ടിലെ മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്ന എല്ലാ സാധ്യതകളും ഒഴിവാക്കുകയാണ് ‘കരം തൊടാത്ത കരുതല്‍’ എന്ന പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും അപകര്‍ഷതയും വിഷാദവും ഒഴിവാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും.

ഇന്ന്(ഓഗസ്റ്റ് 5) ഉച്ചയ്ക്ക് 12.45ന് ബഹു. രോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയുടെ ചുമതലയുള്ള ബഹു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ലോഗോ പ്രകാശനം ചെയ്യും.

ജില്ലാ കളക്ടര്‍ , ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നവരെ വാട്സപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പ്രാദേശിക ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നു.

ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പും കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് കോട്ടയം ചാപ്റ്ററും സഹകരിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷനാണ് ചിലവ് വഹിക്കുന്നത്.

വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്നവരുമായുള്ള സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരുന്ന സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ബോധ്കരണ വീഡിയോകളാണ് ആദ്യ ഘട്ടമായി ഈ ഗ്രൂപ്പുകളിലുടെ ജനങ്ങളിലേക്ക് എത്തുക.

നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്ക് ഭക്ഷണം നല്‍കുന്നത്, കുളിമുറിയുടെ ഉപയോഗം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്, ഉപയോഗിച്ച തുണികള്‍ കഴുകുന്നത്, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങി പത്തു വിഷയങ്ങളില്‍ കൃത്യമായ ധാരണ നല്‍കുന്ന വീഡിയോകള്‍ക്കൊപ്പം ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

തദ്ദേശഭരണ സ്ഥാപനതലത്തിലുള്ള ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് അതത് സ്ഥലങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ്. അഡ്മിനു പുറമെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍, ഒരു അധ്യാപകന്‍, ഒരു പ്രഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ എന്നിവരും ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഓരോ പ്രദേശത്തും പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെടുന്നവരെ അതത് സമയത്ത് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ക്വാറന്റയിന്‍ പൂര്‍ത്തിയാക്കുന്നവരെ ഒഴിവാക്കുകയും ചെയ്യും.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കലാപരമായ കഴിവുകളും രചനകളും അനുഭവങ്ങളും ഗ്രൂപ്പില്‍ പങ്കുവയ്ക്കാം. ഗ്രൂപ്പിലുള്ള അധ്യാപകന്റെ നേതൃത്വത്തില്‍ ഇവര്‍ക്കായി വിവിധ മത്സരങ്ങളും നടത്തും. ഇതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.

അംഗങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഗ്രൂപ്പിലെ സോഷ്യല്‍ വര്‍ക്കറുടെ സഹായം ലഭിക്കും. അംഗങ്ങള്‍ക്കുണ്ടാകുന്ന നിസ്സാര ആരോഗ്യപ്രശ്നങ്ങള്‍ പോലും പ്രൈവററ്റ് മെസേജിലൂടെ ഡോക്ടറുടെയും ഹെല്‍ത്ത് ഇന്‍ സ്പെക്ടറുടെയും ശ്രദ്ധയില്‍ പെടുത്തുന്നതിനും ഈ സംവിധാനം സഹായകമാകും.

വീടുകളിലെ സമ്പര്‍ക്ക സാധ്യതകള്‍ ഒഴിവാക്കുന്നതിന് ലക്ഷ്യമിടുന്ന ആദ്യ ഘട്ടത്തിനുശേഷം സാമൂഹിക സംമ്പര്‍ക്കം നിയന്ത്രിക്കുന്നതിനുള്ള പ്രചാരണ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നതാണ്.

join group new

Leave a Reply

%d bloggers like this: