Main News

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 12781 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിൽ വൻ വർധനയാണ് ഉണ്ടായത്.

4.32 ശതമാനമാണ് പ്രതിദിന ടിപിആർ. മഹാരാഷ്ട്ര, കേരളം, ദില്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണവും വർധിച്ചു. ഇന്നലെ 18 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ ഇന്നലെ 2,786 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. 2,072 പേര്‍ രോഗമുക്തരാവുകയും ചെയ്തു. റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ കൂടുതൽ രോഗികള്‍ എറണാകുളത്താണ്.

574 കേസുകളാണ് 24 മണിക്കൂറിനിടെ എറണാകുളത്ത് സ്ഥിരീകരിച്ചത്. 534 കേസുകൾ തിരുവനന്തപുരത്തും 348 കേസുകൾ കോട്ടയത്തും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസം മൂവായിരത്തിന് മുകളിലായിരുന്നു കേരളത്തിലെ പ്രതിദിന കൊവിഡ് കേസുകള്‍.

Leave a Reply

Your email address will not be published.