ലണ്ടൻ: ആഫ്രിക്കയിൽ ജനിതക വ്യതിയാനം വന്ന പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആറ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിർത്തി വെച്ച് യുകെ. മുപ്പതിലധികം ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ പടരുന്നത്. ബി1.1.529 എന്നാണ് ഈ പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്.
വാക്സിനുകൾ, ചികിത്സ, വ്യാപന ശേഷി എന്നിവയുടെ കാര്യത്തിൽ നിലവിലുള്ള നിർവചനങ്ങളെ അട്ടിമറിക്കാൻ ശേഷിയുള്ള വൈറസ് വകഭേദമാകാം ഇതെന്ന് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും ജാഗ്രത അനിവാര്യമാണെന്നും ആരോഗ്യ സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തി വെക്കാനും ബ്രിട്ടീഷ് പൗരന്മാരെ ക്വാറന്റീൻ ചെയ്യാനും തീരുമാനിച്ചിരിക്കുകയാണ്. ശൈത്യകാലം ആരംഭിച്ചതിനാൽ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുകയാണെന്നും സാഹചര്യങ്ങൾ കൂടുതൽ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ സുരക്ഷാ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ അടിയന്തര ജാഗ്രത ആവശ്യമായ പുതിയ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു. ബോട്സ്വാനയിലും രോഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
ദക്ഷിണാഫ്രിക്കക്ക് പുറമെ നമീബിയ, ലെസോതോ, എസ്വറ്റിനി, സിംബാബ്‍വെ, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് യുകെ നിർത്തി വെച്ചിരിക്കുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19