പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ്; 30 വരെ പൊതു പ്രചാരണ പരിപാടികള്‍ നിര്‍ത്തി

പാലാ: പാലാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുപതാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോഷി ജോണ്‍ വട്ടക്കുന്നേലിാണ് കോവിഡ് പോസിറ്റീവ് ആയത്.

പത്തൊമ്പതാം തീയതി നോമിനേഷന്‍ സമര്‍പ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും യുഡിഎഫ് യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

ബുധനാഴ്ച്ച പാലാ നഗരസഭയില്‍ റിട്ടേണിംഗ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത നഗരസഭയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തിലും ജോഷി വട്ടക്കുന്നേല്‍ പങ്കെടുത്തിരുന്നു. കോവിഡ് പോസിറ്റീവായ ജോഷി വട്ടക്കുന്നേലുമായി ബന്ധപ്പെട്ട നിരവധി ആളുകള്‍ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളതാണ്. പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് വരണാധികാരിയുടെ പക്കല്‍ ഉള്ളതാണ്.

ഈ സാഹചര്യത്തില്‍ നാടിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി ഉത്തരവാദിത്വമുള്ള രാഷ്ട്രീയ മുന്നണി എന്ന നിലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പൊതു ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കപ്പെടുന്ന പ്രചരണ പരിപാടികള്‍ മുപ്പതാം തീയതി വരെ നിര്‍ത്തി വെക്കുകയാണെന്ന് യുഡിഎഫ് പാലാ തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, പ്രൊഫ സതീശ് ചൊള്ളാനി എന്നിവര്‍ അറിയിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളും കുടുംബാംഗങ്ങളും അടിയന്തരമായി നിരീക്ഷണത്തില്‍ ആവുകയും ഞായറാഴ്ച (30-11-2020) വരെ നിരീക്ഷണത്തില്‍ തുടരുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. മുപ്പതാം തീയതി പരിശോധനയ്ക്ക് വിധേയരായ ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കില്‍ മാത്രമേ നേരിട്ടുള്ള പ്രചരണ പരിപാടികള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പുനരാരംഭിക്കുകയുള്ളുവെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

വിഷമകരമായ ഈ അവസരത്തില്‍ പ്രിയപ്പെട്ടവരായ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകളും, ഐക്യദാര്‍ഢ്യവും നാടിനും യുഡിഎഫിനും ഒപ്പം ഉണ്ടാകണമെന്നും യുഡിഎഫ് അഭ്യര്‍ത്ഥിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply